ഇനി മുതൽ ഞായറാഴ്ചകളില്‍ പെട്രോള്‍ ഇല്ല; പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് ഡീലര്‍മാര്‍

single-img
11 April 2017

ന്യൂഡല്‍ഹി: ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിലായി കണ്‍സോര്‍ഷ്യം ഒഫ് ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സിന്റേതാണ് (സി.ഐ.പി.ഡി) തീരുമാനം. പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തിലുള്ള ക്യാമ്പയിനു പിന്തുണയുമായാണ് തീരുമാനമെന്ന് സി.ഐ.പി.ഡി വ്യക്തമാക്കി. ഞായറാഴ്ചയായ, മേയ് പതിന്നാല് മുതല്‍ തീരുമാനം നടപ്പാക്കും. അവശ്യ സര്‍വീസുകളായ ആംബുലന്‍സിനും മറ്റും മാത്രമേ മേയ് 14 മുതല്‍ ഞായറാഴ്ചകളില്‍ ഇന്ധനം വിതരണം ചെയ്യൂ.

ഡീലര്‍മാരുടെ കമ്മിഷന്‍ കൂട്ടാത്തതില്‍ പ്രതിഷേധിച്ച് മേയ് പത്തിന് പെട്രോള്‍ പമ്ബുകള്‍ അടച്ചിടാന്‍ പമ്പുടമകള്‍ തീരുമാനിച്ചിട്ടുണ്ട്.
രണ്ടാഴ്ചയിലൊരിക്കല്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്ന നിലവിലെ സംവിധാനത്തിനു പകരം, അന്താരാഷ്ട്ര വിപണിയ്ക്ക് അനുസൃതമായി ഓരോ ദിവസവും വില പരിഷ്‌കരിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ തീരുമാനം എന്നുമുതല്‍ നടപ്പാക്കുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല.