സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല; ജിഷ്ണുവിന്റെ കുടുംബത്തിന് ഏത് കാര്യമാണ് സമരത്തിലൂടെ നേടാന്‍ ഉണ്ടായിരുന്നതെന്നും പിണറായി വിജയന്‍

single-img
11 April 2017

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ നിരാഹാര സമരം എന്ത് നേടാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ സമരത്തിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല. സര്‍ക്കാര്‍ എല്ലാം ചെയ്തിരുന്നു. പിടികിട്ടാത്ത പ്രതികളുടെ സ്വത്ത് കണ്ടെടുക്കാനുളള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഒരു സര്‍ക്കാരിനും ഇതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദമാക്കി.

ജിഷ്ണുവിന്റെ കുടുംബത്തിന് ഏത് കാര്യമാണ് സമരത്തിലൂടെ നേടാന്‍ ഉണ്ടായിരുന്നത്. എന്ത് കാര്യത്തിലാണ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവരുടെ സമരത്തില്‍ ഇടപെടണമെന്ന് വ്യക്തമാക്കി സുഗതകുമാരി ടീച്ചര്‍ അടക്കമുളളവര്‍ വിളിച്ചിരുന്നു. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ പലരും മുതലെടുക്കുകയാണ്. അതാണ് തന്നെ വിളിച്ച പലരും പറഞ്ഞത്. അതെന്താ നിങ്ങള്‍ കാണാത്തതെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായ വീഴ്ചകള്‍ എന്താണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിലൂടെ ഒന്നും നേടാനുണ്ടായിരുന്നില്ല. ചെയ്യാനുള്ളതെല്ലാം ചെയ്ത സര്‍ക്കാരാണ് എന്ന് തന്റേടത്തോടെ പറയാന്‍ തനിക്കാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര വകുപ്പില്‍ എവിടെയെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നടപടിയെടുക്കുമെന്നും, പക്ഷേ, പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് വരുത്തിത്തീര്‍ത്ത് നടപടിയെടുക്കാന്‍ ആര് ആവശ്യപ്പെട്ടാലും, അത് എത്ര വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കിയാലും നടപടികള്‍ സ്വീകരിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കെ.എം.ഷാജഹാനോട് തനിക്ക് വ്യക്തിപരമായ വൈരാഗ്യമുണ്ട് എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജഹാനോട് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇതിനു മുന്‍പേ അദ്ദേഹത്തിനെതിരെ നടപടികള്‍ എടുക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

ഡിജിപി ഓഫീസിനു മുന്നിലെത്തിയതുമായി ബന്ധപ്പെട്ടാണ് ഷാജഹാന്റെ അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് , അതുകൊണ്ട് കൂടുതലൊന്നും താന്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോള്‍ ഷാജഹാന്റെ സംരക്ഷകനെന്നും പിണറായി കുറ്റപ്പെടുത്തി.