മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് പാകിസ്ഥാന്‍; സമീപനം തിരുത്തിയില്ലെങ്കില്‍ പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ

single-img
11 April 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യുടെ ചാരനാണെന്ന് ആരോപിച്ച് ഒരു വര്‍ഷം മുമ്പ് പിടികൂടിയ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ സുധീര്‍ ജാദവിന് (46) പാകിസ്താന്‍ പട്ടാള കോടതി വധശിക്ഷ വിധിച്ചു. പാക്ക് കോടതിയുടെ തീരുമാനം അറിഞ്ഞയുടന്‍, ഡല്‍ഹിയില്‍ ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി ശക്തമായ താക്കീതു നല്‍കി.

പാകിസ്താന്‍ സമീപനം തിരുത്തിയില്ലെങ്കില്‍ ഇന്ത്യയിലുള്ള 13 പാക് തടവുകാരെ വിട്ടയക്കില്ലെന്നും കേന്ദ്രം പ്രഖ്യാപിച്ചു. ഇറാനില്‍നിന്ന് ചതിച്ചു പിടികൂടിയ ജാദവിനെ മതിയായ തെളിവുകളില്ലാതെയും ഇന്ത്യക്ക് നയതന്ത്ര കൂടിക്കാഴ്ച അനുവദിക്കാതെയും നീതിയുടെ അടിസ്ഥാന രീതികള്‍ പാലിക്കാതെയും രഹസ്യവിചാരണ നടത്തി വിധിച്ച വധശിക്ഷ നടപ്പാക്കിയാല്‍, മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച കൊലയായി അതിനെ കാണുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനെ കുല്‍ഭൂഷണിനെ വിചാരണ നടത്തുന്ന കാര്യം അറിയിക്കുകപോലും ചെയ്തില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

1952ലെ പാക് സൈനിക നിയമം 59ാം വകുപ്പ്, 1923ലെ ഔദ്യോഗിക രഹസ്യ നിയമം മൂന്നാം വകുപ്പ് എന്നിവ പ്രകാരം ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷലാണ് കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. ബലൂചിസ്താനിലും കറാച്ചിയിലും സമാധാനം അസ്ഥിരപ്പെടുത്താന്‍ നിയോഗിച്ച റോ ഏജന്റാണ് താനെന്ന് കുല്‍ഭൂഷണ്‍ പറയുന്ന വിഡിയോ പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണ് അതെന്ന നിലപാടിലാണ് ഇന്ത്യ.

2016 മാര്‍ച്ച് മൂന്നിന് ഇറാനില്‍നിന്നു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് അദ്ദേഹത്തെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവിനു ബലൂചിസ്ഥാനിലെ ഭീകരസംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്ക് അനുമതി നല്‍കണമെന്നു 13 തവണ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന്‍ തയാറായില്ല. നിയമപരമായ സഹായം നല്‍കാനും അവര്‍ ഒരുക്കമായിരുന്നില്ല.

ജാദവിന്റെ വിചാരണ തികഞ്ഞ പ്രഹസനമായിരുന്നുവെന്നു പാക്ക് ഹൈക്കമ്മിഷണറെ ഇന്ത്യ അറിയിച്ചു. അദ്ദേഹത്തിനെതിരെ വിശ്വസനീയമായ തെളിവുണ്ടായിരുന്നില്ല. വിചാരണ നടത്തുന്ന വിവരം പോലും ഇന്ത്യന്‍ ഹൈക്കമ്മിഷണറെ അറിയിച്ചില്ല.

അതേസമയം, രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നവര്‍ക്ക് താക്കീതാണ് ഇന്ത്യന്‍ പൗരന്‍ കല്‍ഭൂഷണിന് വിധിച്ച വധശിക്ഷയെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്താനെതിരെ നീങ്ങുന്നത് ആരായാലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.പാക്ക് സൈനിക കോടതിയുടെ നടപടിയെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അപലപിച്ചു.