തന്നത് അതിനിരട്ടിയായിത്തന്നെ തിരികെ നല്‍കും; മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തിരികെ നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍

single-img
9 April 2017

തന്റെ മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. വേണമെങ്കില്‍ 20 ലക്ഷം സര്‍ക്കാരിന് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ധനസഹായം മകന് പകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായമായി പത്ത് ലക്ഷം രൂപയായിരുന്നു നല്‍കിയിരുന്നത്. ഇതിനിടെ തങ്ങള്‍ക്ക് നീതി ലഭിക്കണണെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. ജിഷ്ണു കേസില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനിടയിലാണ് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരികെ നല്‍കുമെന്ന് വ്യക്തമാക്കി ജിഷ്ണുവിന്റെ അച്ഛന്‍ രംഗത്തെത്തിയത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വിശ്വസിക്കുന്ന പാര്‍ട്ടി വേദനിപ്പിക്കുന്നതില്‍ വിഷമുമുണ്ട്. സമരം അട്ടിമറിക്കാനുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമായി തോക്കു സ്വാമിയെ ഡിജിപി ഓഫീസിനു മുന്നില്‍ കൊണ്ടുവരികയായിരുന്നു- ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.

സമരം അട്ടിമറിക്കാന്‍ പൊലീസുകാര്‍ തന്നെ വന്‍ ഗൂഢാലോചന നടത്തിയെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ജിഷ്ണു കേസില്‍ നീതി ലഭിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അമ്മ മഹിജ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. അമ്മയെ ഉപദ്രവിച്ച പൊലീസുകാരെയും ചേട്ടന്റെ മരണത്തിനുത്തരവാദിയായ പൊലീസുകാര്‍ക്കെതിരെയും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് വളയത്തെ വീട്ടില്‍ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നിരാഹാര സമരത്തിലാണ്.