ജിഷ്ണുകേസ്: നെഹ്‌റുകോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍

single-img
9 April 2017

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിലെ മൂന്നാം പ്രതി നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.ശക്തിവേല്‍ അറസ്റ്റില്‍. ഇന്ന് ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയാണ് ശക്തിവേല്‍. കോയമ്പത്തൂരിലെ കിനാവൂര്‍ എന്ന സ്ഥലത്തു നിന്നാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടു കൂടിയാണ് പ്രതിയെ പിടികൂടിയത്. മൂന്നു ദിവസമായി ബന്ധുവിന്റെ ഫാം ഹൗസിലായിരുന്നു താമസം. വൈകീട്ട് തൃശൂര്‍ പൊലീസ്‌ ക്ലബ്ബിലേക്ക് കൊണ്ടുവരും.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ശക്തിവേല്‍ പിടിയിലായിരിക്കുന്നത്. കോളജ് അധ്യാപകനായ പ്രവീണ്‍, മറ്റൊരു ജീവനക്കാരന്‍ എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇവരെയും ഉടന്‍ തന്നെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഷാഡോ പൊലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം അഞ്ചു ടീമായി തിരിഞ്ഞു തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രതികളെ പിന്തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അറസ്റ്റ്.