രാജ്യങ്ങളുടെ പരമാധികാരത്തിലേക്കുള്ള കടന്നു കയറ്റം അനുവദിക്കാനാകില്ല; സിറിയയില്‍ യുഎസ് നടത്തിയ മിസൈല്‍ ആക്രമണത്തിനെതിരെ റഷ്യയും ഇറാനും

single-img
8 April 2017

രാസായുധാക്രമണത്തിന്റെ പേരു പറഞ്ഞ് സിറിയയില്‍ യുഎസ് നടത്തിയ ക്രൂസ് മിസൈല്‍ ആക്രമണം അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കോട്ടം തട്ടുന്നു. പടിഞ്ഞാറന്‍ സിറിയയിലെ ഷയ്‌റാത്ത് വ്യോമത്താവളത്തിനു നേര്‍ക്കാണു യുഎസ് യുദ്ധക്കപ്പലുകളില്‍ നിന്ന് ആക്രമണമുണ്ടായത്. 59 ക്രൂസ് മിസൈലുകളാണ് അമേരിക്ക അയച്ചത്. അമേരിക്കയുടെ ഈ നടപടിക്കെതിരെ റഷ്യയും ഇറാനും നേരത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മറ്റു രാജ്യങ്ങളും അമേരിയുടെ നടപടിക്കെതിരെ രംഗത്തെത്തുമെന്നാണ് സൂചന.

രാസായുധാക്രമണത്തിന്റെ പേരു പറഞ്ഞ് സിറിയയില്‍ യുഎസ് നടത്തിയ ക്രൂസ് മിസൈല്‍ ആക്രമണം നിയമവിരുദ്ധമാണെന്നും മെച്ചപ്പെടുമെന്നു പ്രതീക്ഷിച്ച റഷ്യ-യുഎസ് ബന്ധം വഷളാക്കാന്‍ ഇതിടയാക്കുമെന്നുമായിരുന്നു റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രതികരണം. ഐഎസിനെ നേരിടുന്നതിന് യുഎസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന റഷ്യയുടെ മോഹത്തിന് തടയിടുന്നതായി അമേരിക്കയുടെ മിസൈല്‍ ആക്രമണം. ഒരു പരമാധികാര രാജ്യത്തിനു നേര്‍ക്കു നടത്തിയ നിയമവിരുദ്ധ ആക്രമണമാണിതെന്നാണു റഷ്യയുടെ വിലയിരുത്തലെന്നും കെട്ടിച്ചമച്ച കാരണത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്നും ക്രെംലിന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം സിറിയയിലെ അമേരിക്കന്‍ ആക്രമണം പ്രാദേശിക ഭീകരവാദത്തെ വളര്‍ത്തുന്നതിനേ സഹായിക്കൂ എന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.അമേരിക്കന്‍ മിസൈല്‍ ആക്രമണം അപലപനീയമാണെന്നും പറഞ്ഞ അദ്ദേഹം ഇത്തരം നടപടികള്‍ എതിര്‍ക്കപ്പടേണ്ടതാണെന്നും വ്യക്തമാക്കി. അമേരിക്കയുടെ ഈ നടപടിക്കെതിരെ എല്ലാ ലോകരാജ്യങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളമമെന്നും അദ്ദേഹം പറഞ്ഞു.

ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ഷെയ്ക്കൂണില്‍ സരിന്‍വിഷവാതകം പ്രയോഗിച്ച് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 86 പേരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയത്.