ജോ ജോസഫ് എന്ന നെടുങ്കുന്നത്തുകാരുടെ സ്വന്തം ജനപ്രതിനിധി ഇന്ന് ഒരു മാതൃകയാണ്; വരണ്ടുണങ്ങിക്കിടന്ന തന്റെ നാട്ടിലെ കിണറുകളില്‍ ബുദ്ധിപൂര്‍വ്വമായ നീക്കത്തിലൂടെ വെള്ളമെത്തിച്ചയാള്‍

single-img
8 April 2017

കേരളം മറ്റൊരു വേനലിനെ അഭിമുഖീകരിക്കുകയാണ്. കൊടിയ വരള്‍ച്ചയും ശുദ്ധജലക്ഷാമവും 44 നദികളുടെ നാടായ കേരളത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഈ കൊടിയ വേനല്‍ നെടുങ്കുന്നം ഗ്രാമവാസികള്‍ക്ക് സമ്മാനിച്ചത് കടുത്ത വരള്‍ച്ചയാണ്. എന്നാല്‍ വാര്‍ഡിലെ വറ്റിവരണ്ട കിണറുകളും കുളങ്ങളും തോടുകളുമെല്ലാം കണ്ട് നെടുങ്കയം ഒന്നാം വാര്‍ഡ് മെമ്പര്‍ കാഴ്ചക്കാരായി നിന്നില്ല. വരണ്ടുണങ്ങിയ കിണറുകളിലും കുളങ്ങളിലും ജലംമെത്തിച്ച് ജനസേവനത്തിന്റെ പുതിയൊരു വാതായനം തുറക്കുകയാണ് ജോ ജോസഫ് എന്ന ജനപ്രതിനിധി.

വേലിന്റെ കാഠിന്യവും തുലാവര്‍ഷം കുറഞ്ഞതും കടുത്ത നെടുങ്കയം പഞ്ചായത്തിനെ കടുത്ത വരള്‍ച്ചയിലേക്ക് നയിച്ചു. ദാഹനീരിനായി ജനം നേട്ടോട്ടമോടി. സമീത്തെ ജലാശയങ്ങളല്ലാംത്തന്നെ വറ്റിവരണ്ടു. ജല ദൗര്‍ലഭ്യം നാടിനു തന്നെ ഭീക്ഷണിയായി. എന്തു ചെയ്യണമെന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒന്നാം വാര്‍ഡിലെ വടക്കന്‍കവല- കല്ലോലി റോഡില്‍ ഉത്തന്‍പാറ സ്ഥിതിചെയ്യുന്ന പ്രവര്‍ത്തനം നിലച്ച സ്വകാര്യ പാറമടയില്‍ ശേഖരിക്കപ്പെട്ട ജലം കൈത്തോടിലൂടെ ഒഴുക്കാമെന്ന ആശയവുമായി വാര്‍ഡുമെമ്പറെത്തി. ഇതിനായി ജനകീയ സമിതി രൂപീകരിച്ചു. വാടയ്ക്കു എടുത്ത മോട്ടോര്‍ ഉപയോഗിച്ച് പാറക്കുളത്തില്‍ നിന്നും തോട്ടിലേക്കു ജലം പമ്പു ചെയ്തു. തലേദിവസം വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ചേ വരെയുള്ള തുടര്‍ച്ചയായ പമ്പിങ്ങിലൂടെ, ഒരു കൂട്ടം ആളുകളുടെയും ജോസഫിന്റെയും അധ്വാനത്തിന്റെ ഫലമായി തോട് വീണ്ടും ജലസമൃദ്ധമായി. അതേസമയം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സമീപത്തെ കിണറുകളിലെയും കുളങ്ങളിലേയും ജലനിരപ്പ് ഉയര്‍ന്നു.

പന്ത്രണ്ടു മണിക്കൂറുകളോളം തുടര്‍ച്ചയായി വെള്ളം പമ്പുചെയ്തിട്ടും പാറമടയിലെ ജലനിരപ്പ് വെറും ഒരടി മാത്രമാണ് താഴ്ന്നത് അത് കൂടുതല്‍ പ്രതീക്ഷ ഉയര്‍ത്തുന്നെന്ന് ജോ പറഞ്ഞു. നെടുങ്കയം പഞ്ചായത്തില്‍ മാത്രം 12 ഓളം പാറക്കുളങ്ങളാണുള്ളത്. അവയില്‍ ലക്ഷക്കണക്കിനുലിറ്റര്‍ അളവില്‍ വെള്ളവുമുണ്ട്. ഈ വെള്ളം ഫലപ്രദമായി ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജോസഫ് വ്യക്തമാക്കി.

പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി വിജയിച്ചതോടെ മറ്റു പാറമടകളിലേക്കും പദ്ധതി വ്യാപിക്കാനാണ് തീരുമാനം. പക്ഷേ അതിനു പഞ്ചായത്തിന്റെ തീരുമാനം പ്രധാനമാണ്. പലരും പാറമടകള്‍ വിട്ടുനല്‍കാത്ത ഒരു സ്ഥിതിയാണ് നിലവില്‍. ഈ അവസ്ഥ പരിഹരിക്കും. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു പാറമടകള്‍ പൊതു ജനങ്ങളുടെ ആവശ്യത്തിനു ഉപയോഗിക്കാന്‍ തക്ക സൗകര്യം സര്‍ക്കാര്‍ ഉണ്ടാക്കണം. ഇതു സംസ്ഥാനത്തൊട്ടാകെ ഉപയോഗിക്കാവുന്ന മാര്‍ഗ്ഗമാണ്. ഇത്തരത്തില്‍ ആയിരക്കണക്കിനു കുളങ്ങള്‍ വന്‍ ജലസംഭരണികളായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുണ്ട്.

പാറമടയിലെ വെള്ളം തോടിലേയ്ക്ക് പമ്പ് ചെയ്ത് അതുവഴി കിണറുകളിലെ ജലനിരപ്പ് ഉയര്‍ത്തി ഒരു നാടിന്റെ തന്നെ ജലക്ഷാമം മാറ്റിയ പദ്ധതിയെ മാതൃകയാക്കി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അതിനൊരു നിമിത്തമാകാന്‍ തനിക്കു സാധിച്ചെന്നും ഇനിയും ഇതുപോലുള്ള ശ്രമങ്ങള്‍ തുടരുമെന്നും ജോ പറഞ്ഞു. രൂക്ഷമായ ജലക്ഷാമത്ത നേരിടാന്‍ വേറെയും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി
തൊഴിലുറപ്പ് സ്ത്രീകളെ മാത്രം ഉപയോഗിച്ച് വാര്‍ഡില്‍ കിണര്‍ നിര്‍മ്മിച്ചു നല്‍കി.

അടുത്തതായി നെടുങ്കയത്തെ പാറമടയുടെ അടുത്തായി തൊഴിലുറപ്പുമായി ചേര്‍ന്ന് ഒരു പൊതു കുളം നിര്‍മ്മിക്കാനുള്ള പദ്ധതിനടന്നു വരികയാണെന്നും ഇതിനായി സ്ഥലം വിട്ടു തരാന്‍ ഒരാള്‍ തയ്യാറായിട്ടുണ്ടെന്നും ജോ ജോസഫ് പറഞ്ഞു. ഇത് ഒരു പ്രദേശത്തിന്റെ മുഴുവന്‍ വെള്ള ക്ഷാമത്തിനു ഒരു പരിധി വരെ ഇത് സഹായമാവുമെന്നും ആദ്ദേഹം പറഞ്ഞു.