ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും; കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരമാക്കിയതിലൂടെ വിനായകന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് സാധ്യത

single-img
7 April 2017

ന്യൂഡല്‍ഹി: അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ തീരുമാനിച്ചത്. രാവിലെ പതിനൊന്നരയ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. മലയാളത്തില്‍ നിന്ന് പത്തു ചിത്രങ്ങളാണ്  ദേശീയ ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണയത്തിനായുള്ള അന്തിമപട്ടികയിലുള്ളത്. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരമാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ വിനായകന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ഉണ്ടായേക്കും.

മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് അന്തിമ പട്ടികയിലുള്ള മറ്റു മലയാള സിനിമകള്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ വിനായകന്റെ അഭിനയ മികവ് ദേശീയ പുരസ്‌ക്കാര ജൂറിയെയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന. ഒറ്റയാള്‍, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നിവ സാങ്കേതിക വിഭാഗങ്ങളില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പുരസ്‌ക്കാര സാധ്യത നിലനിര്‍ത്തുന്നു.

പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറിയാണ് അന്തിമ തീരുമാനമെടുത്തത്. സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഇത്തവണ പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മുന്‍ വര്‍ഷത്തേത് പോലെ ബോളിവുഡിന് പുരസ്‌കാരങ്ങളില്‍ മേല്‍ക്കൈ ലഭിച്ചാലും അത്ഭുതപ്പെടാനില്ല. ദംഗല്‍, നീരജ, എയര്‍ലിഫ്റ്റ്, സരബ്ജിത്ത്, അലിഗഡ്, ഹരാംഖോര്‍, രമണ്‍ രാഘവ് തുടങ്ങിയ സിനിമകള്‍ ബോളിവുഡില്‍ നിന്ന് മത്സരരംഗത്തുണ്ടെന്നാണ് സൂചന.