അരവിന്ദ് കെജ്രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് റിപ്പോര്‍ട്ട്; ആം ആദ്മിക്ക് ഓഫീസ് പണിയാന്‍ സ്ഥലം അനുവദിച്ച നടപടിക്കു നിയമസാധുതയില്ല
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അധികാരദുര്‍വിനിയോഗം നടത്തിയതായി മുന്‍ സിഎജി വി.കെ. ശുംഗ്ലു അധ്യക്ഷനായ മൂന്നംഗ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. ആംആദ്മി പാര്‍ട്ടിക്ക് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചതിലും മന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ മകളെ ആരോഗ്യ മിഷന്‍ ഡയറക്ടറായി നിയമിച്ചതിലുമടക്കം നിരവധി ക്രമക്കേടുകള്‍ നടത്തിയതായി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ലെഫ്‌നനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ കെജ്രിവാളിന്റെ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍, നടത്തിയ നിയമനങ്ങള്‍ എന്നിവയും 100 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.2015ല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ നിര്‍ദേശ പ്രകാരം മന്ത്രിമാര്‍ ലെഫ്‌നനെന്റ് ഗവര്‍ണറുടെ അനുമതി വാങ്ങാതെ പല അനുമതികളും നല്‍കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി വിരുദ്ധ ബെഞ്ചിലെ ഉദ്യോഗസ്ഥരുടെ നിയമനങ്ങളും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം സംബന്ധിച്ചും ഗവര്‍ണറുമായി കൂടിയാലോചിക്കാതെ നടത്തിയ നിയമനങ്ങളെക്കുറിച്ചും റിപ്പോര്ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
സ്വന്തം പാര്‍ട്ടിയായ ആം ആദ്മിക്ക് ഓഫീസ് പണിയാന്‍ സ്ഥലം അനുവദിച്ച കെജ്രിവാളിന്റെ നടപടി നിയമസാധുതയില്ലാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം ഡിസിഡബ്ലു ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാളിന് വസതി അനുവദിച്ചതിനെയും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്.
2016 ഓഗസ്ത് 30നാണ് മുന്‍ സി.എ.ജി വി.കെ. ശുംഗ്ലുവിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് അന്വേഷണ സമിതിയുണ്ടാക്കിയത്. ലെഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുത്ത 400 ഫയലുകളെക്കുറിച്ച് പരിശോധിക്കാനാണ് സമിതിയുണ്ടാക്കിയത്.ശുംഗ്ലുവിന് പുറമെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി, മുന്‍ വിജിലന്‍സ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.