വയലാറില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി; ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

single-img
6 April 2017

അനന്തു(18)

ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ചേര്‍ത്തല നീലിമംഗലം സ്വദേശി അനന്തു(18)വാണ് കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെ ആര്‍.എസ്.എസുകാര്‍ അനന്തുവിനെ ഓടിച്ചിട്ട് വീഴ്ത്തിയ ശേഷം ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.സംഭവവുമായി ബന്ധപ്പെട്ട് 10 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വയലാര്‍ രാമവര്‍മ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അനന്തു.കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്‌കൂളിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. ഇതില്‍ അനന്തുവുമുണ്ടായിരുന്നു.അത് പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് രണ്ട് തവണ അനന്തുവിനെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്നലെ വൈകിട്ട് അനന്തുവിനെ വീട്ടില്‍ തിരഞ്ഞെത്തിയ അക്രമിസംഘം അത് നടക്കാതെ വന്നതിനെ തുടര്‍ന്ന് രാത്രിയില്‍ പട്ടണക്കാട് നീലിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കൊലപ്പെടുത്തുകയായിരുന്നു.

നേരത്തെ ആര്‍എസ്എസിന്റെ ശാഖയില്‍ പോകാറുണ്ടായിരുന്ന അനന്തു ഇടക്കാലത്ത് അതു നിര്‍ത്തിയിരുന്നു. ഇന്നലെ രാത്രി ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിയ അനന്തുവും അക്രമി സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായതായി പോലീസ് പറയുന്നു.മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന അനന്തുവിനെ ശാഖയില്‍ നടക്കുന്ന രഹസ്യങ്ങള്‍ പുറത്തുപറയും എന്ന ഭയത്താലാണ് കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

നെഞ്ചിലും വയറിനും മാരകമായ മര്‍ദ്ദനമേറ്റ അനന്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ആയുധങ്ങള്‍ ഒന്നും തന്നെ ഇവര്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ മര്‍ദ്ദനത്തിന്റെ ആഘാതമാണ് മരണത്തിനിടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മാനങ്ങള്‍ ഇല്ല എന്നാണ് പൊലീസ് പ്രാഥമിക നിഗമനം.കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും കൊലയ്ക്കു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമല്ലെന്നും പോലീസ് ഇ-വാര്‍ത്തയോട് പറഞ്ഞു.