കൊച്ചി മേയറുടെ പരാതിയില്‍ വിശദീകരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്

single-img
6 April 2017

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്റെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. ഫെയ്സ്ബുക്കിലൂടെയാണ് കൊച്ചി മേയറെ കാണാന്‍ പോയപ്പോള്‍ മുതലുളള സംഭവങ്ങളുടെ വിശദീകരണം ജുഡ് നല്‍കുന്നത്. നിരന്തരമായി പത്രമാധ്യമങ്ങളില്‍ വരുന്ന പീഡന വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഒരു കൊച്ചുകുഞ്ഞിന്റെ പിതാവായ തനിക്ക് കുട്ടികള്‍ക്ക് ഒരു ബോധവത്കരണമാണ് വേണ്ടതെന്ന് തോന്നി. അങ്ങനെയാണ് വീഡിയോ നിര്‍മ്മിക്കാനുള്ള ആശയം ഉണ്ടായതെന്ന് ജൂഡ് പറയുന്നു.

മേയര്‍ സൗമിനി ജെയിനെ അപമാനിച്ചു എന്ന പരാതിയില്‍ എറാണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജൂഡ് ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിവിന്‍ പൊളി എന്റെ വളരെ അടുത്ത സുഹൃത്തും വഴികാട്ടിയും ആയതു കൊണ്ട് നിവിനോട് തന്നെ ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്താലോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ തന്നെ നമുക്കത് ചെയ്യാം എന്ന് അവന്‍ സമ്മതിക്കുകയും ചെയ്തു. കൂടുതല്‍ കുട്ടികളിലേക്ക് വീഡിയോ എത്തുന്നതിനായ് ബാലവകാശ കമ്മീഷനെയും, മന്ത്രി ശൈലജ ടീച്ചറിനെയും സമീപിക്കുകയും അവര്‍ പൂർണ്ണ പിന്തുണ നല്‍കാന്‍ തയ്യാറാവുകയും ചെയ്തു. ഇതിനു പിന്നാലെ തന്നെ ഹൈബി ഈഡന്‍ അംഗമായ ബോധിനി എന്ന സംഘടന ഹൃസ്വം ചിത്രം നിര്‍മ്മിക്കുവാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചുവെന്നും ജൂഡ് പറഞ്ഞു.

സുഭാഷ് പാർക്കിൽ ഷൂട്ടിംഗ് നടത്താൻ അനുമതി തേടിയുള്ള ജൂഡിന്റെ അപേക്ഷയുടെ പകർപ്പ്

എറണാകുളം സുഭാഷ് പാര്‍ക്ക് അനുയോജ്യമായ ലോക്കേഷന്‍ ആയി തോന്നി. പാര്‍ക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതിക്കായി മെയറെ സമീപിച്ചപ്പോള്‍ സിനിമ ഷൂട്ടിങ്ങിന് പാര്‍ക്ക് തരില്ല എന്ന് സൗമിനി മാം നിലപാടെടുത്തു. വീണ്ടും കാര്യത്തിന്റെ ഉദ്ദേശ ശുദ്ധി പറഞ്ഞപ്പോള്‍ സര്‍ക്കാരില്‍ നിന്നും അനുമതി കൊണ്ട് വന്നാല്‍ തരാം എന്ന് പറഞ്ഞു. അത് പ്രകാരം ഞാന്‍ ശൈലജ ടീച്ചറോട് അപേക്ഷികുകയും, ടീച്ചര്‍ ഇതൊരു പ്രത്യേക കേസ് ആയി കണ്ടു അനുമതി കൊടുക്കണം എന്ന് സര്‍ക്കാരില്‍ നിന്നും ഒരു ശുപാര്‍ശ മേയര്‍ക്ക് അയക്കുകയും ചെയ്‌തെന്നും  ജുഡ് വിശദീകരിച്ചു.

അത് പ്രകാരം ഞാന്‍ ചെന്നപ്പോള്‍, പാര്‍ക്ക് തന്റെ അധികാര പരിധിയില്‍ ആണെന്നും മന്ത്രിയെ കൊണ്ട് അത് കൊടുക്കാന്‍ പറയിപ്പിച്ചത് തന്നെ അപമാനിച്ച പോലെയാണെന്നും പറഞ്ഞു. അത്തരത്തില്‍ ഒരു വിഷമം ഉണ്ടായെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് ഞാന്‍ പറയുകയും ചെയ്തു. എന്നിട്ടും പാര്‍ക്ക് വിട്ടു തരില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നെന്നും ജൂഡ് പറയുന്നു.

ലോകം മുഴുവന്‍ ഇതിന്റെ സത്യാവസ്ഥ അറിയണം. ഇത്തരത്തില്‍ ഒരു നല്ല കാര്യത്തിന് ഇറങ്ങി പുറപ്പെട്ട് ഒരു കേസില്‍ പ്രതിയാകേണ്ടി വന്നതില്‍ അത്യധികം സങ്കടമുണ്ട്. പത്രത്തിലെ വാര്‍ത്തകള്‍ കണ്ടു, ഒരു മരണ വീട് പോലെ എന്റെ വീട് ആക്കിയതിലും എന്നെ സ്നേഹിക്കുന്നവരെ ഇത്തരം വാര്‍ത്തകള്‍ വിഷമിപ്പിച്ചതിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇനി മേലാല്‍ സാമൂഹ്യ സേവനത്തിനു ഇറങ്ങില്ല എന്ന് സങ്കടത്തോടെ പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു എന്നും പറഞ്ഞാണ് ജൂഡ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഷൂട്ടിങ്ങിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജൂഡിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

കൊച്ചി മേയര്‍ സൗമിനി ജെയിനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ജൂഡിനെതിരെ പരാതി നല്‍കിയത്. ഈ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഷൂട്ടിങ്ങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായിട്ടാണ് ജൂഡ് ആന്റണി മേയറെ കാണാനെത്തിയത്. സുഭാഷ് പാര്‍ക്ക് ഇപ്പോള്‍ ഷൂട്ടിങ്ങിനായി വിട്ടുകൊടുക്കുന്നില്ലെന്ന് മേയര്‍ അറിയിച്ചു. തുടർന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരമാണ് പാര്‍ക്കില്‍ ഷൂട്ടിങ്ങിന് വിലക്കെന്നും മേയര്‍ വ്യക്തമാക്കി. ഗുണപരമായ സിനിമയാണെന്ന് ജൂഡ് വാദിച്ചെങ്കിലും മേയര്‍ വിട്ടുവീഴ്ചയയ്ക്കു തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ജൂഡ് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.