ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റ്; ഡിജിപിയെ ഫോണില്‍ വിളിച്ച് വിഎസിന്റെ പ്രതിഷേധം: മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖം മനസിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നു ചെന്നിത്തല

single-img
5 April 2017

 

പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. സംഭവത്തെ തുടര്‍ന്നു സംസ്ഥാന ഭരണ പരിഷ്‌കരണ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ ഫോണില്‍ വിളിച്ചു പ്രതിഷേധം അറിയിച്ചു.

ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റി. പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണ്. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖം മനസിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല- ചെന്നിത്തല പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നടപടികളെടുക്കണമെന്നും പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.