പശു ആരാധകരുടെ ഭ്രാന്ത് തലസ്ഥാന നഗരിയിലും: ഡൽഹിയിൽ പശുവിനെ ഓടിക്കാൻ കല്ലെറിഞ്ഞ സ്ത്രീയുടെ ഭർത്താവിനേയും സഹോദരനേയും ആൾക്കൂട്ടം വളഞ്ഞിട്ടു മർദ്ദിച്ചു

single-img
4 April 2017

പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും ആൾക്കൂട്ടനീതി നടപ്പാക്കലുമെല്ലാം രാജ്യത്തു പടർന്നുപിടിക്കുന്നു. രാജ്യത്തിന്റെ തലസ്ഥാനത്തു നിന്നാണു ഏറ്റവും പുതിയ വാർത്ത. തന്റെ നേർക്ക് പാഞ്ഞടുത്ത പശുവിനെ വിരട്ടിയോടിക്കാൻ കല്ലെടുത്തെറിഞ്ഞ സ്ത്രീയുടെ ഭർത്താവിനെയും സഹോദരനേയും ആൾക്കൂട്ടം വളഞ്ഞിട്ടു മർദ്ദിച്ചു. തുടർന്ന് നടന്ന അക്രമങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു. രണ്ടുദിവസങ്ങളിലായി അക്രമസംഭവങ്ങളിൽ മർദ്ദനത്തിനും വധശ്രമത്തിനുമായി രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

സൗത്ത് ഡൽഹിയിലെ കുസുംപഹാഡ് ഏരിയയിൽ ഇക്കഴിഞ്ഞ മാർച്ച് 31-ആം തീയതി രാവിലെ ആറുമണിക്കാണു അക്രമത്തിനാസ്പദമായ സംഭവം നടന്നത്. ഇവിടെ ചേരിയിൽ താമസിക്കുന്ന ജയ്ശങ്കറും ഭാര്യ ശർമ്മിളയും കൂടി കുടിലിനടുത്തുള്ള ടൊയ്ലറ്റിലേയ്ക്ക് പ്രഭാതകൃത്യത്തിനു പോകുന്നതിനിടയിലാണു ഒരു പശു ഇവരുടെ നേരേ പാഞ്ഞടുത്തത്. അതിനെ ശർമ്മിള ഒരു കല്ലെടുത്തെറിഞ്ഞ് വിരട്ടിയോടിക്കുകയും ചെയ്തു. എന്നാൽ അൽപ്പസമയത്തിനകം പശുവിന്റെ ഉടമസ്ഥരടക്കമുള്ള ഒരുകൂട്ടമാളുകൾ തടിച്ചുകൂടുകയും ദമ്പതികളെ മർദ്ദിക്കാനാരംഭിക്കുകയും ചെയ്തു. മർദ്ദനം തടയാൻ ശ്രമിച്ച ജയ്ശങ്കറിന്റെ സഹോദരനേയും അക്രമികൾ ക്രൂരമായി മർദ്ദിച്ചു. അക്രമികൾ മൺവെട്ടികൊണ്ടു  ജയ്ശങ്കറിന്റെ തലയടിച്ച് പൊട്ടിക്കുകയും സഹോദരന്റെ കൈ അടിച്ചൊടിക്കുകയും ചെയ്തു.
വസന്ത് കുഞ്ജ് മാർക്കറ്റിൽ തടിപ്പണി ചെയ്യുന്ന തൊഴിലാളിയാണു ജയ്ശങ്കർ. ജയ്ശങ്കറിന്റെ പരാതിയിന്മേൽ തൊട്ടടുത്ത ദിവസം വസന്ത് കുഞ്ജ് നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്യായമായി തടഞ്ഞുവെയ്ക്കൽ (ഐപിസി 341), മനപ്പൂർവ്വം മുറിവേൽപ്പിക്കൽ (ഐപിസി 323)  എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

 

എന്നാൽ കേസന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഏപ്രിൽ രണ്ടാം തീയതി വീണ്ടും അക്രമമുണ്ടായി. ആദ്യത്തെ സംഭവത്തിൽ ജയ്ശങ്കറിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചെന്നാരോപിച്ചാണു സ്വകാര്യബസ് ഡ്രൈവറായ ഉദയ് ചന്ദ് മണ്ഡലിനെയും കുടുംബത്തേയും ഇവർ വീണ്ടും ആക്രമിച്ചത്.
” ഞാൻ ചെല്ലുമ്പോൾ ജയ്ശങ്കർ ചോരയിൽക്കുളിച്ചു നിൽക്കുകയാണു. അയാളുടെ സഹോദരനാണെങ്കിൽ നന്നായി പരിക്കേറ്റിട്ടുമുണ്ട്. ഇനിയെങ്കിലും അക്രമം നിർത്താനും വെറുതേവിടാനും മാത്രമേ ഞാൻ അവരോട് പറഞ്ഞുള്ളൂ. പോലീസ് കേസെടുത്തതോടെ എല്ലാം കഴിഞ്ഞെന്നാണു ഞാൻ കരുതിയത്. എന്നാൽ പിറ്റേന്ന് അവർ വീണ്ടും വരികയും എന്നേയും സഹോദരനേയും ഞങ്ങളുടെ മക്കളേയും മർദ്ദിക്കുകയും ചെയ്തു,” ഉദയ് ചന്ദ് മണ്ഡൽ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ഡൽഹി സൗത്ത് അഡീഷണൽ ഡിസിപി ചിന്മയ് ബിസ്വാൽ പറഞ്ഞു.