ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം:സ്ഥലം കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചു; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

single-img
4 April 2017

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്താൻ സർക്കാർ സമിതിയെ നിയോഗിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കെഎസ്ഐഡിസി. മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന, പത്തനംതിട്ട കളക്ടര്‍ ആര്‍. ഗിരിജ എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സിമിതിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സ്ഥലം തീരുമാനിച്ചു കഴിഞ്ഞാല്‍ പ്രവര്‍ത്തന പദ്ധതി തയാറാക്കാനാണ് സർക്കാർ തീരുമാനം.

ശബരിമല തീര്‍ത്ഥാടകരെ ഉദ്ദേശിച്ച് ആംരംഭിക്കുന്ന ഈ വിമാനത്താവളം എരുമേലിയില്‍ നിര്‍മിക്കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ആറന്മുളയില്‍ വിമാനത്താവളം പണിയാനാകില്ലെന്ന് ഉറപ്പായതോടെയാണ് മറ്റിടങ്ങള്‍ പരിഗണിച്ച് തുടങ്ങിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്കുകൂടി പ്രയോജനപ്പെടത്തക്കവിധമാണ് പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.