“നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ”? ;പീഡനവിവരം പരാതിപ്പെടാനെത്തിയ പന്ത്രണ്ട് വയസ്സുകാരിയേയും മാതാവിനേയും അപമാനിച്ച എരുമപ്പെട്ടി എഎസ്ഐക്ക് സസ്പെന്‍ഷന്‍

single-img
4 April 2017

തൃശൂര്‍:എരുമപ്പെട്ടിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും അപമാനിച്ചതായ പരാതിയില്‍ അഡീഷനല്‍ എസ്ഐക്ക് സസ്പെന്‍ഷന്‍. കുന്നംകുളം ഡിവൈഎസ്പി യുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എരുമപ്പെട്ടി എഎസ്ഐ ടിഡി ജോസിനെ എസ്പി സസ്പെന്‍ഡ് ചെയ്തത്. അതേ സമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

അയല്‍വാസികളായ മധ്യവയസ്‌കനും മകനും ചേര്‍ന്ന് മാനസിക വളര്‍ച്ച എത്താത്ത പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് പരാതിക്കാരെ പൊലീസ് അപമാനിച്ചത്. കുട്ടിയും മാതാവും ഞായറാഴ്ച്ച വൈകിട്ട് കുന്നംകുളം സിഐ ഓഫീസില്‍ എത്തി മൊഴി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം സംഭവ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ നെല്ലുവായിയിലെ വീട്ടിലെത്തിയ കുട്ടിയെയും അമ്മയെയും പ്രതികളും അയല്‍വാസികളായ ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വച്ചു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതിലധികം പേര്‍ ചേര്‍ന്ന് അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.എരുമപ്പെട്ടി പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഇവരെത്തിയത

കേസില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ കുറ്റാരോപിതനും ബി.ജെ.പിക്കാരും ചേര്‍ന്ന് തടഞ്ഞ് വെച്ചതിന് പിന്നാലെയാണ് എരുമപ്പെട്ടി എ.എസ്.ഐ തങ്ങളെ അധിക്ഷേപിച്ചതായി മാതാവ് പരാതി നല്‍കിയിരുന്നത്.വീട്ടിലെത്തിയ അഡീഷണല്‍ എസ്ഐ ടിഡി ജോസ് തന്നോടും മകളോടും അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാണ് വീട്ടമ്മയുടെ ആരോപണം.’തകര്‍ന്നിരിക്കുന്ന തന്റെ മകളോട് നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ എന്ന് ചോദിച്ചു. നിന്നെ ആരൊക്കെയാ പീഡിപ്പിച്ചത് പറയ്, അത് ഞാനുംകൂടി കേള്‍ക്കട്ടെ എന്ന്’ അശ്ലീല ചുവയോടെയാണ് എഎസ്‌ഐ സംസാരിച്ചതെന്നും മാതാവ് പറഞ്ഞു.

സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ പൊലീസാണോ എന്നൊന്നും ഞാന്‍ നോക്കില്ല, എനിക്ക് നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാതിരിക്കുകയാണ്. എന്റെ ഗതികേടുകൊണ്ടാണ് ഈ സാഹചര്യത്തില്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാണ് ഓരോ അമ്മമാരും ജനലില്‍ കെട്ടിത്തൂക്കുന്നതെന്നും മാതാവ് പറഞ്ഞു.അതേ സമയം അമ്മയേയും പെണ്‍കുട്ടിയേയും തടഞ്ഞുവെച്ച് അപമാനിച്ച കേസില്‍ തടഞ്ഞുവെച്ച് അതിക്രമം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കും മറ്റ് മുപ്പതു പേര്‍ക്കും എതിരെ കേസെടുത്തു.