ജേക്കബ് തോമസിനെ മാറ്റാന്‍ പറഞ്ഞിട്ടില്ല; വിജിലന്‍സിനെ നിയന്ത്രിക്കണം എന്നാണ് പറഞ്ഞത്: ഹൈക്കോടതി

single-img
4 April 2017

കൊച്ചി: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്നു മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. വിജിലന്‍സിനെ നിയന്ത്രിക്കണമെന്നു മാത്രമാണു പറഞ്ഞത്. തെറ്റായ കാര്യങ്ങളാണു പുറത്തുവന്നത്. ഏതു സാഹചര്യത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നും കോടതി ചോദിച്ചു.

വിജിലൻസിനെ നിയന്ത്രിക്കണമെന്ന് മാത്രമാണ് കോടതി പരാമർശം നടത്തിയത്. ഇക്കാര്യത്തിൽ തെറ്റായ വാർത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാരിന്‍റെ അവകാശത്തിൽ വിജിലൻസ് അമിതമായി അധികാരം കാണേണ്ടതില്ലെന്നും വിജിലൻസിനെ എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തതെന്നുമാണ് ചോദിച്ചതെന്നും കോടതി വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർക്കെതിരേ ധനകാര്യ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ നടപടി വേണമെന്ന് നിരീക്ഷിച്ച കോടതി മൂന്നാഴ്ചയ്ക്കകം നടപടി സ്വീരിച്ച് കോടതിയെ അറിയിക്കാൻ നിർദ്ദേശിച്ചു. വിജിലൻസ് ഡയറക്ടറുമായി ബന്ധപ്പെട്ട കേസിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

മാര്‍ച്ച് 31നാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറി നില്‍ക്കാന്‍ ജേക്കബ് തോമസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വരുന്നത്. ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്.