ഫസൽ വധത്തിനു പിന്നിൽ സിബിഐ കണ്ടെത്തിയ സിപിഎമ്മുകാരല്ല യഥാർഥ പ്രതികൾ;അന്വേഷണ സംഘത്തിനു സിബിഐ കോടതിയുടെ നോട്ടീസ്

single-img
4 April 2017

തലശേരി∙ ഫസൽ വധക്കേസ് അന്വേഷണ സംഘത്തിനു സിബിഐ കോടതിയുടെ നോട്ടീസ്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു ഫസലിന്റെ സഹോദരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണു നടപടി. പ്രതികളായി സിബിഐ കണ്ടെത്തിയ സിപിഎമ്മുകാരല്ല യഥാർഥ പ്രതികളെന്നും കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും പിടിയിലായ മാഹി ചെമ്പ്ര സ്വദേശി സുബീഷ് വെളിപ്പെടുത്തിയിരുന്നു. ഇതു ചൂണ്ടിക്കാണിച്ചാണു ഫസലിന്റെ സഹോദരൻ എറണാകുളം സിബിഐ കോടതിയെ സമീപിച്ചത്.
മാടപ്പീടികയിലുണ്ടായ ബിജെപി – എൻഡിഎഫ് സംഘർഷങ്ങളും പ്രദേശത്ത് എൻഡിഎഫ് വളരുന്നുവെന്ന സംശയവുമാണു ഫസൽ വധത്തിലേക്കു നയിച്ചതെന്നും അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ ആരൊക്കെയാണെന്നും കൃത്യം നടത്തിയതെങ്ങനെയെന്നും സുബീഷ് പൊലീസിനോടു പറഞ്ഞിരുന്നു.

2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ നാലിനാണ് എന്‍ഡിഎഫ് തലശേരി സബ് ഡിവിഷന്‍ കമ്മിറ്റി അംഗം മുഹമ്മദ് ഫസല്‍ തലശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ഫസലിന്റെ ഭാര്യയുടെ പരാതിയില്‍ സിബിഐ അന്വേഷണവും നടത്തി. 2012ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിപിഐഎം പ്രവര്‍ത്തകരായ എട്ടുപേരെയാണ് പ്രതികളാക്കിയത്.