പുതിയ രീതി പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണം;മെയ് 15 വരെ പഴയ ഡ്രൈവിങ് ടെസ്റ്റ് രീതി തുടരും

single-img
4 April 2017

കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ വ്യവസ്ഥകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പുതിയ രീതി പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ഉത്തരവ്.

അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യംചെയ്യുന്ന രീതിയിലുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതു പ്രകാരം പുതിയ വ്യവസ്ഥകള്‍ മേയ് 15 വരെ മാറ്റിവെക്കും. അടുത്ത ദിവസം മുതല്‍ പഴയരീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

പുതിയ രീതിയനുസരിച്ച് എച്ചിനു പുറമെ റിവേഴ്സ് പാര്‍ക്കിങ്, വാഹനം കയറ്റത്തു നിര്‍ത്താനുള്ള കഴിവു പരിശോധിക്കുന്ന ഗ്രേഡിങ് ടെസ്റ്റ് എന്നിവയും നിര്‍ബന്ധമാക്കിയിരുന്നു.ഇതുമൂലം കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിഭാഗവും തോറ്റിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം പരാജയപ്പെട്ടവര്‍ക്ക് ഉടന്‍ വീണ്ടും ടെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം ഒരുങ്ങും. ഇവര്‍ക്ക് പരീക്ഷ വിജയിക്കാനുള്ള അവസരം കൂടിയാണ് ഇത്.

മൂന്നുഘട്ടങ്ങളുള്ള പുതിയ രീതികള്‍ പരീശീലിപ്പിക്കുന്നതിനും മറ്റുമായി വ്യവസ്ഥ പ്രകാരമുള്ള പരീക്ഷണ മൈതാനം ഒരുക്കാന്‍ 90 ലക്ഷംരൂപ ചെലവുവരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.