പാതയോരത്തെ ബാറുകള്‍ പൂട്ടാനുളള ഉത്തരവ്:ദേശീയ പാതകള്‍ റദ്ദാക്കാനൊരുങ്ങി വിവിധ സംസ്ഥാനങ്ങള്‍

single-img
3 April 2017

ന്യൂഡല്‍ഹി:സംസ്ഥാന-ദേശീയപാതയോരത്തെ ബാറുകള്‍ പൂട്ടാനുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ദേശീയപാതകള്‍ ‘റദ്ദാക്കാന്‍’ നടപടി തുടങ്ങി. സംസ്ഥാനപാതകളെല്ലാം റദ്ദാക്കുകയോ (ഡീനോട്ടിഫിക്കേഷന്‍) തിരഞ്ഞെടുത്ത പാതകള്‍ റദ്ദാക്കുകയോ ആണു വിധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ബദല്‍ മാര്‍ഗം.

മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, യുപി, ബംഗാള്‍ എന്നിവയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡും റദ്ദാക്കല്‍ നടപടി തുടങ്ങിയതായി റോഡ് ഗതാഗത മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കേരളത്തില്‍ 72 സംസ്ഥാനപാതകളുണ്ട്. പല സമയത്തായി അഞ്ചു സംസ്ഥാനപാതകള്‍ ദേശീയപാതകളായി പ്രഖ്യാപിച്ച ശേഷം അവശേഷിക്കുന്നവയാണിത്. ഇതില്‍ ഏറ്റവും പഴക്കമുള്ളതാണ് തിരുവനന്തപുരത്തു നിന്ന് അങ്കമാലി വരെ നീളുന്ന 240 കിലോമീറ്റര്‍ എസ്എച്ച്-1 (എംസി റോഡ്). തിരുവനന്തപുരത്തു നിന്നു കാസര്‍കോട് വരെ നീളുന്ന 1332 കിലോമീറ്റര്‍ മലയോര ഹൈവേ നിര്‍മാണഘട്ടത്തിലാണ്. ഇതുള്‍പ്പെടെ കേരളത്തില്‍ 4341 കിലോമീറ്റര്‍ സംസ്ഥാനപാതയുണ്ട്.

സംസ്ഥാനപാതകള്‍ റദ്ദാക്കിയാല്‍ റോഡുകള്‍ അനാഥമാകും. അവയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലാക്കുകയാണ് ഒരു പരിഹാരം.സംസ്ഥാന പാതകള്‍ റദ്ദാക്കാന്‍ കാര്യമായ നിയമസങ്കീര്‍ണതകളില്ല. പക്ഷേ ദേശീയപാതകളുടെ കാര്യത്തില്‍ റദ്ദാക്കല്‍ പ്രായോഗികമല്ല. സംസ്ഥാനത്ത് 1811 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 11 ദേശീയപാതകളുണ്ട്.
നഗരങ്ങളിലൂടെ കടന്നുപോകുന്ന പാതകളുടെ സംസ്ഥാനപാതാപദവി എടുത്തുകളഞ്ഞാല്‍ ഇപ്പോള്‍ അടച്ച മദ്യശാലകളില്‍ പകുതിയോളമെണ്ണം വീണ്ടും തുറക്കാന്‍ പറ്റും. നഗരങ്ങളിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതകള്‍ക്ക് നഗരത്തിലേക്ക് കടക്കുന്നതിനു മുമ്പ് ഗതാഗതക്കുരുക്കൊഴിവാക്കാന്‍ ബൈപ്പാസുണ്ടെങ്കില്‍
നഗരത്തിലെ ഭാഗം നഗരസഭയ്ക്ക് വിട്ടുകൊടുക്കാനാണ് പദ്ധതി.സംസ്ഥാനപാതയെന്ന പദവി ഒഴിവായാല്‍ അതിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും.

മഹാരാഷ്ട്രയില്‍ ബാറുകള്‍ ഉള്‍പ്പെടെയുള്ള ലൈസന്‍സുള്ള 26,000 മദ്യവില്‍പനശാലകളില്‍ പതിനാറായിരത്തോളം കേന്ദ്രങ്ങളെയാണ് സുപ്രീം കോടതി വിധി ബാധിച്ചിരിക്കുന്നത്. ഇവ നിര്‍ത്തലാക്കുന്നതിലൂടെ ഏഴായിരം കോടി രൂപയാണ് നഷ്ടം കണക്കാക്കുന്നത്.20,000 പേര്‍ക്ക് ജോലിയും നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ് പുനര്‍വിജ്ഞാപനം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ആരായുന്നത്.
വിധി വന്നയുടന്‍തന്നെ മഹാരാഷ്ട്രയിലെ ജല്‍ഗാവ്, യവത്മല്‍ നഗരസഭകള്‍ നഗരപ്രദേശത്തുകൂടി കടന്നുപോകുന്ന സംസ്ഥാനപാതകള്‍ ഏറ്റെടുത്തുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം അവര്‍ സംസ്ഥാന സര്‍ക്കാറുകളെ അറിയിച്ചിട്ടുമുണ്ട്.
ഇതേ മാതൃകയില്‍ മറ്റു കോര്‍പറേഷനുകളും വിജ്ഞാപനം ഇറക്കി ബാറുകളും മദ്യവില്‍പന കേന്ദ്രങ്ങളിലും പരമാവധി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചന.