വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും; പൊലീസിനുണ്ടായ വീഴ്ചകളില്‍ ശക്തമായ നടപടികള്‍ അതാതു സമയത്തു സ്വീകരിച്ചിട്ടുണ്ട്-പിണറായി വിജയന്‍

single-img
25 March 2017

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനുണ്ടായ വീഴ്ചകളില്‍ ശക്തമായ നടപടികള്‍ അതാതു സമയത്തു സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ജാഗ്രതയോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും പിണറായി പറഞ്ഞു.

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി. രൂക്ഷമായ വിമര്‍ശനങ്ങളാണ് പിണറായി സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്.

പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സര്‍ക്കാരിനായില്ലെന്നായിരുന്നു വിമര്‍ശനം. പല മന്ത്രിമാര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല, പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച പറ്റി, പല മന്ത്രിമാരും വിവാദങ്ങള്‍ക്ക് പിന്നാലെ പോകുകയാണ്, എന്നിവയായായിരുന്നു മറ്റു ചിലത്.

പൊലീസിനെതിരേയും വ്യാപകമായി വിമര്‍ശനമുണ്ടായി. സര്‍ക്കാര്‍ മാറിയത് പലരും അറിഞ്ഞിട്ടില്ലെന്ന രീതിയിലാണ് പ്രവര്‍ത്തനം. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് പോരായ്മയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. പൊലീസിന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന വീഴ്ചകളും ഇത് മൂലമുള്ള വിവാദവും സര്‍ക്കാരിന്റെ വ്യക്തിത്വത്തെ ബാധിക്കുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനം പരിശോധിക്കുക എന്നതായിരുന്നു സെക്രട്ടറിയേറ്റിന്റെ പ്രധാന അജണ്ട.

സംസ്ഥാന സെക്രട്ടറി സര്‍ക്കാരിനെ വിലയിരുത്തുന്ന രേഖ യോഗത്തില്‍ അവതരിപ്പിച്ചു. പത്തുമാസത്തെ പ്രവര്‍ത്തനം കൊണ്ട് സര്‍ക്കാരിനെ വിലയിരുത്താനാകില്ല. അത് ചെറിയൊരു കാലയളവാണ്. വന്‍കിട പദ്ധതികള്‍ മാത്രം പോരാ ജനകീയ പദ്ധതികളും വേണം എന്ന നിര്‍ദേശവും സെക്രട്ടറിയേറ്റ് മുന്നോട്ട് വെച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ആരംഭിച്ച നാല് ജനകീയ മിഷന്‍ പ്രവര്‍ത്തനം ജനങ്ങള്‍ അറിയുന്നില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.