സിനിമാസംഘടനകള്‍ക്കെതിരായ വിധി; സൂപ്പര്‍ താരം പറഞ്ഞതല്ല താന്‍ പറഞ്ഞതാണ് ശരിയെന്ന് ഈ ഒരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണമെന്ന് വിനയന്‍

single-img
25 March 2017

കോഴിക്കോട്: സിനിമാസംഘടനകള്‍ക്ക് എതിരെയുള്ള വിനയന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ഒടുവില്‍ വിജയം. എട്ടുവര്‍ഷത്തോളം തന്നെ സിനിമാരംഗത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തവരോട് വിനയന് പ്രതിഷേധമുണ്ട്. ഇടപെടാതിരുന്ന ജനാധിപത്യ പ്രതിനിധികളോടും. സൂപ്പര്‍താരങ്ങളല്ല, വിനയനായിരുന്നു ശരിയെന്ന് കേന്ദ്ര ഏജന്‍സിയില്‍ നിന്നും തനിക്ക് അനുകൂല വിധി വന്ന ഈ രാത്രിയിലെങ്കിലും അവരെല്ലാം ഓര്‍ക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. എന്റെ നിലപാടുകള്‍ സത്യമായിരുന്നു. ഞാന്‍ നിന്നത് സത്യത്തിനു വേണ്ടിയായിരുന്നു. കേന്ദ്ര ഏജന്‍സിയുടെ വിധി അതാണ് തെളിയിക്കുന്നത്. സിനിമാരംഗത്തെ ഗൂഡാലോചന പുറത്തുകൊണ്ടുവരാനുള്ള എന്റെ യുദ്ധം വിജയിച്ചു എന്നതിന് തെളിവാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.

നീതിക്കു വേണ്ടിയുള്ള എന്റെ പോരാട്ടം ഒടുവില്‍ അധികമാരും സമീപിക്കാത്ത ഒരു കേന്ദ്ര ഏജന്‍സിയുടെ സമീപത്ത് ചെന്നെത്തി. അവിടെ നിന്ന് എനിക്ക് അനുകൂലമായ വിധി ലഭിച്ചു. എന്റെ എട്ടുവര്‍ഷം നശിപ്പിച്ചവരോട് എനിക്കു പറയാനുള്ളത് ഇതാണ്. ആരുടെയും പേരെടുത്ത് ഞാന്‍ പറയുന്നില്ല. വിനയന്‍ പറഞ്ഞതായിരുന്നു, അല്ലാതെ സൂപ്പര്‍താരം പറഞ്ഞതായിരുന്നില്ല ശരി എന്ന് ഈയൊരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണമെന്നു മാത്രമാണ് എന്റെ അഭ്യര്‍ഥന. സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സംഘടന വേണ്ട എന്ന് തെളിയിക്കുന്നതാണ് ഈ വിധി. ഞാനെന്നും സിനിമാക്കാര്‍ക്ക് ഒപ്പം കാണും. എതിരാളിയെ വിലക്കി, പണിയില്ലാതാക്കി, പട്ടിണിക്ക് ഇടുന്നവരുടെ കൂടെ ഞാനില്ല. സിനിമാക്കാരുടെ കൂടെ എന്നും ഞാനുണ്ടാകുമെന്നും വിനയന്‍ പറഞ്ഞു.

സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ‘അമ്മ’യ്ക്കും ‘ഫെഫ്ക്ക’യ്ക്കും പിഴ വിധിച്ചത്. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയന്‍ നല്‍കിയ പരാതിയിന്‍മേലാണ് നടപടി. അമ്മ നാല് ലക്ഷം രൂപയും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കണം. നടന്‍ ഇന്നസെന്റ്, ഇടവേള ബാബു, ബി. ഉണ്ണികൃഷ്ണന്‍, സിബിമലയില്‍, കെ.മോഹനന്‍ എന്നിവരും പിഴയൊടുക്കണം. ഇന്നസെന്റ് 51000 രൂപയും സിബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം.