സമൂഹമാധ്യമങ്ങളിലെ അശ്ലീലവീഡിയോകള്‍ ‍: സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രമുഖ ഇന്റെര്‍നെറ്റ് കമ്പനികളെയും ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതിക്ക് രൂപം നല്‍കി

single-img
23 March 2017


ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ അശ്ലീലവീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സുപ്രീം കോടതി സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രമുഖ ഇന്റെര്‍നെറ്റ് കമ്പനികളെയും ഉള്‍പ്പെടുത്തിയാണ് ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ഈ പ്രതിനിധികള്‍ ഒന്നിച്ചിരുന്ന് വിഷയം ചര്‍ച്ച ചെയ്ത്, ലൈംഗികാതിക്രമദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണം.

ഗൂഗിള്‍ ഇന്ത്യ, മൈക്രോസോഫ്റ്റ്, യാഹു, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ കമ്പനികളോട് 15 ദിവസത്തിനകം ഇതിനുള്ള പരിഹാരവുമായി എത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദോഷകരമായ ഉള്ളടക്കങ്ങള്‍ ഇന്റര്‍നെറ്റില്‍ തടയുക എന്നത് സാങ്കേതിക വെല്ലുവിളിയാണെന്ന് സിബിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ വിഭാഗം നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടയാണ് കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ തടയുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ലൈംഗികകുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച സംവാദങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും തുടങ്ങിക്കഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് എന്തുതീരുമാനമെടുത്താലും നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.