മുഖ്യമന്ത്രി പിണറായിയെ തടയുന്ന സമര രീതിയില്‍ നിന്നും പിന്‍മാറുന്നുവെന്നും കേരളത്തിലെ ശാഖയില്‍ മാത്രമല്ല, അമ്പലത്തിലും കാവിക്കൊടി പാറിക്കുമെന്നും ആര്‍.എസ്.എസ് ദേശീയ നേതൃത്വം

single-img
22 March 2017

കോയമ്പത്തൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുന്ന സമരരീതിയില്‍ നിന്നും ആര്‍.എസ്.എസ് പിന്‍മാറുന്നു. പിണറായി വിജയനെ സംസ്ഥാനത്തിനു പുറത്ത് ഇനി തടയില്ലെന്ന് ആര്‍.എസ്.എസ്. ദേശീയ ജോയന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പറഞ്ഞു. സി.പി.ഐ.എമ്മിന് വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ പിണറായിയെ ശ്രദ്ധാകേന്ദ്രമാക്കാനേ ഇതു കൊണ്ട് കഴിയൂവെന്നാണ് ആര്‍.എസ്.എസിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം.

അതേസമയം പിണറായി വിജയന്റെ തലയ്ക്ക് ആര്‍.എസ്.എസ്. നേതാവ് ഒരുകോടി വിലയിട്ടത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം തന്നെ ആ പ്രസ്താവന പിന്‍വലിച്ചതാണെന്നും വൈകാരിക പ്രകടനമായേ ഇതിനെ കാണേണ്ടതുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കേരളത്തില്‍ അമ്പലങ്ങളില്‍ ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് പാലമടുക്കുമ്പോള്‍ അതുകടക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു മറുപടി.

ശാഖയില്‍ കായിക വ്യായാമവും യോഗ പരിശീലനവുമാണ് നടക്കുന്നത്. ആരോഗ്യ വളര്‍ച്ചയ്ക്ക് വ്യായാമം ചെയ്യുന്നത് ഏത് സര്‍ക്കാരിനാണ് നിരോധിക്കാന്‍ കഴിയുക. യോഗയ്ക്ക് അന്താരാഷ്ട്ര അംഗീകാരം കിട്ടിയ സമയത്ത് അത് പരിശീലിക്കുന്നത് തടയാനാവുമോ. കേരളത്തിലെ ശാഖയില്‍ മാത്രമല്ല, അമ്പലത്തിലും കാവിക്കൊടി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.