പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദര്‍ കുമാറിന് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

single-img
21 March 2017

കോട്ടയം:കേരളത്തെ ഞെട്ടിച്ച പാറമ്പുഴ കൂട്ടക്കൊല കേസിലെ പ്രതി നരേന്ദ്രര്‍ കുമാറിന്(30)വധശിക്ഷ. ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശിയായ പ്രതിക്കെതിരെ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ കോടതി ഹൈക്കോടതിയുടെ അനുമതിയോട് കൂടി മാത്രമെ ശിക്ഷ നടപ്പിലാക്കാവു എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

2015 മേയ് 16നു അര്‍ധരാത്രി കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരി പ്രതിയെ നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കൊല്ലപ്പെട്ട പ്രവീണ്‍ വീടിനോടു ചേര്‍ന്നു നടത്തിയിരുന്ന അലക്കു കേന്ദ്രത്തില്‍ തുണി തേയ്പ്പു ജോലിക്കാരനായിരുന്നു പ്രതി നരേന്ദര്‍ കുമാര്‍. സ്വന്തം കടബാധ്യതകള്‍ വീട്ടാന്‍ ഇയാള്‍ അര്‍ധരാത്രി കൊലനടത്തി ആഭരണവും പണവുമായി സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് ലക്ഷം രൂപ പിഴയും മോഷ്ടിച്ച 25,000 രൂപയും മരിച്ചവരുടെ കുടുംബത്തിന് നല്‍കണം. ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം കഠിനതടവുംപ്രതിക്ക് വിധിച്ചിട്ടുണ്ട്.വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കൊല്ലപ്പെട്ട കുടുംബത്തില്‍ അവശേഷിക്കുന്ന ഏക അംഗം വിപിന്‍ലാലും കോടതിയില്‍ എത്തിയിരുന്നു.

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.എന്നാല്‍ ഹൈക്കോടതി അനുമതിയോടെ മാത്രമേ വധശിക്ഷ നടപ്പിലാക്കാവൂ എന്നും കോടതി വ്യക്തമാക്കി.