സംസ്ഥാനത്ത് അഗ്നിശമന സേനയിലും ഇനി പെണ്‍കരുത്ത്

single-img
19 March 2017

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ വനിതാ പോലീസ് ബറ്റാലിയന്‍ കൊണ്ടുവരാനുള്ള തീരുമാനത്തിന് പുറമെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വനിതാ അഗ്നിശമനാസേനാംഗങ്ങളെ കൊണ്ടുവരാനൊരുങ്ങുകയാണ് ഗവണ്‍മെന്റ്.

ഡിപ്പാര്‍ട്ട്‌മെന്റില്‍ വനിതാ ഓഫീസര്‍മാരെ ഉള്‍പ്പെടുത്താനുള്ള ഫയര്‍&റെസ്‌ക്യൂ വിഭാഗത്തിന്റെ അപേക്ഷ ആഭ്യന്തര വകുപ്പ് പരിഗണിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും വിശദമായൊരു പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചുമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.

100 വനിതാ അഗ്നിശമന സേനാംഗങ്ങളെ നിയമിക്കാനുള്ള പദ്ധതിക്ക് ഡിപ്പാര്‍ട്ട് അനുമതി നല്‍കിക്കഴിഞ്ഞുവെന്നും ക്യാബിനറ്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

പദ്ധതിയനുസരിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 15 വീതം വനിതാ അഗ്നിശമന സേനാംഗങ്ങളെയാണ് നിയമിക്കുക. ബാക്കിയുള്ള 11 ജില്ലകളിലെയും ഹെഡ്ക്വാര്‍ടേഴ്‌സുകളിലായി 5 വീതം സേനാംഗങ്ങളെയും നിയമിക്കും. വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനായി, നിലവിലുള്ള ഒഴിവുകള്‍ക്ക് പുറമെ എന്‍ട്രി പോസ്റ്റായ അഗ്നിശമന സേനാംഗങ്ങളുടെ 100 പുതിയ തസ്തികകള്‍ നിര്‍മിക്കാനും ഫയര്‍&റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

സേനയിലെ അടുത്ത പ്രമോഷന്‍ ലെവലുകളായ ഫയര്‍മെന്‍, സ്റ്റേഷന്‍ ഓഫീസേഴ്‌സ് എന്നീ തസ്തികകളിലേക്ക് സംസ്ഥാനം കൂടുതല്‍ പേരെ നിയമിക്കും. നിലവില്‍ 5000 പുരുഷ ഫീല്‍ഡ് ഓഫീസര്‍മാരാണ് ഡിപ്പാര്‍ട്ടുമെന്റിലുള്ളത്.

ഈ പദ്ധതിക്ക് സംസ്ഥാനം അംഗീകാരം നല്‍കുകയാണെങ്കില്‍ ഫയര്‍ സര്‍വ്വീസില്‍ വനിതകളെ ഉള്‍പ്പെടുത്തുന്ന രാജ്യത്തെ നാലാമത്ത ഡിപ്പാര്‍ട്ട്‌മെന്‍് ആയിരിക്കും നമ്മുടേത്. 2003 ല്‍ ഓഫീസ് കാറ്റഗറിയില്‍ തമിഴ്‌നാട് വനിതകളെ ഉള്‍പ്പെടുത്തി. 2012 ല്‍ മുംബൈ ഡിപ്പാര്‍ട്ട്‌മെന്റും അഗ്നിശമന സേനാംഗങ്ങളുടെ കാറ്റഗറിയില്‍ 5 വനിതകളെ ഉള്‍പ്പെടുത്തി. 2014 ല്‍ 155 സേനാംഗങ്ങളെ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാറും ഈ പാത പിന്തുടര്‍ന്നു.

വനിതകളെ ഉള്‍പ്പെടുത്താനുള്ള ഈ പദ്ധതി കവിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് കൊണ്ടുവന്നതെങ്കിലും അത് കടലാസില്‍ തന്നെ ഒതുങ്ങുകയായിരുന്നു. ആധുനികവല്‍ക്കരണത്തിന്റെ പായതിയിലുള്ള ഫയര്‍ റെസ്‌ക്യൂ വിഭാഗത്തിന്റെ ശരിയായ കൃത്യനിര്‍വ്വഹണത്തിനായി ഫിനാന്‍സ് ഓഫീസറുടെ പുതിയൊരു തസ്തിക തന്നെ കൊണ്ടു വന്നിട്ടുണ്ട് ഗവണ്‍മെന്റ്.

സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയന്‍ ഉണ്ടാക്കാന്‍ ഗവണ്‍മെന്റ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാന പോലീസിന്റെ 6.4 ശതമാനം മാത്രമുള്ള വനിതാ പ്രാതിനിധ്യം 15 ശതമാനമെങ്കിലുമായി ഉയര്‍ത്താനാണ് ഗവണ്‍മെന്റിന്റെ പദ്ധതി. വനിതാ പോലീസ് ബറ്റാലിയന്‍ ഉണ്ടാക്കുന്നതിനായി 451 പോസ്റ്റുകള്‍ക്ക് ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്.