കുണ്ടറ പീഡന കേസ്:കുട്ടിയെ പീഡിപ്പിച്ചത് മുത്തച്ഛനെന്ന് പൊലീസ് നിര്‍ണ്ണായകമായത് മുത്തശ്ശിയുടെ മൊഴി

single-img
19 March 2017

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍ എന്ന് പൊലീസ്. പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ആത്മഹത്യചെയ്ത പേരക്കുട്ടി പലവട്ടം പരാതിപ്പെട്ടിരുന്നെന്ന് മുത്തശ്ശി മൊഴി നല്‍കി. കുട്ടിയുടെ അമ്മയും പരാതിപ്പെട്ടിരുന്നു. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇയാളെ അല്‍പ്പസമയത്തിനുള്ളില്‍ അറസ്റ്റ് ചെയ്യും.

കഴിഞ്ഞ ദിവസം മാത്രമാണ് മരിച്ച പെണ്‍കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലിനോട് സഹകരിച്ചു തുടങ്ങിത്.ഇതോടെയാണ് കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. ശിശുക്ഷേമ സമിതിയുടെ കൗണസിലര്‍മാരോട് മുത്തച്ഛന്റെ പെരുമാറ്റത്തെ കുറിച്ചും പെണ്‍കുട്ടി മരിച്ച ദിവസം വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ചും മൂത്ത സഹോദരിയും മൊഴി നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ഒരു മകളെ കൂടി നഷ്ടപെടാന്‍ താന്‍ ഒരുക്കമല്ലെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള നിര്‍ണായക സൂചനകളും ഇവര്‍ നല്‍കി. മുത്തച്ഛന്‍ ജോലിചെയ്യുന്ന കൊല്ലത്തെ സ്വകാര്യ ലോഡ്ജിലെ ജീവനകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്വഭാവദൂഷ്യമുള്ള ആളാണ് ഇയാളെന്നും മദ്യപാനിയാണെന്നും ലോഡ്ജിലുള്ളവര്‍ പൊലീസിനോട് പറഞ്ഞു.

കുട്ടിയുടെ അമ്മയ്ക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അറിയാമെന്നും എന്നാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താത്ത പശ്ചാത്തലത്തില്‍ അമ്മയെ അടക്കമുള്ളവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തയ്യാറാവുന്നതിനിടെയാണ് പ്രതിയെ സംബന്ധിച്ച് വ്യക്തത പുറത്തുവരുന്നത്.

ഏറെ ദുരൂഹതകള്‍ക്കു ശേഷമാണ് കേസ് അന്വേഷണം കേസ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നത്. കുട്ടിയുടെ പിതാവ് ജോസ് നല്‍കിയ പരാതി പൊലീസ് അവഗണിച്ചിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് വേണ്ടത്ര പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നില്ല. ഈ പരാതി പിതാവ് മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്.

കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരുന്നു. വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു.

മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. ആത്മഹത്യക്കുറിപ്പിലുള്ളത് കുട്ടിയുടെ കൈപ്പട തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ആരെങ്കിലും കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിച്ചതാണോ എന്നു പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.