കൊട്ടിയൂര്‍ പീഡനക്കേസ്: രണ്ടാംപ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി; കീഴടങ്ങിയത് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്.

single-img
18 March 2017

കണ്ണൂര്‍: കൊട്ടിയൂര്‍ പേരാവൂരില്‍ പളളിമേടയില്‍ പതിനാറുകാരിയെ വൈദികന്‍ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാംപ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. കീഴടങ്ങുന്ന അന്നുതന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്.

ഓട്ടോറിക്ഷയില്‍ മറ്റൊരാള്‍ക്കൊപ്പമാണ് തങ്കമ്മ പൊലീസ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടി പ്രസവിച്ചതിനുശേഷം ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നതടക്കമുളള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് തങ്കമ്മയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗൂഢാലോചന അടക്കമുളള കുറ്റങ്ങളാണ് ചുമത്തിയത്.

ഇന്നലെ കീഴടങ്ങിയ വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റി ജോസ്, ദത്തെടുക്കല്‍ കേന്ദ്രം ചുമതലക്കാരി സിസ്റ്റര്‍ ഒഫീലിയ എന്നീ മൂന്ന് പ്രതികളേയും ജാമ്യത്തില്‍ വിട്ടിരുന്നു. മൂവരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിച്ച ഹൈക്കോടതി, ഫാദര്‍ തേരകത്തോടും കന്യാസ്ത്രീകളോടും അഞ്ച് ദിവസത്തിനകം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഇന്നലെ രാവിലെ പേരാവൂര്‍ സിഐക്ക് മുമ്പാകെ കീഴടങ്ങിയത്. തങ്കമ്മയുടെ മകള്‍ ലിസ് മരിയ, സിസ്റ്റര്‍ ആന്‍മരിയ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.