കുണ്ടറയില്‍ മരിച്ച 10 വയസ്സുകാരി നിരന്തര പീഡനത്തിരയായിട്ടുണ്ടെന്ന് ഡോക്ടറുടെ മൊഴി:മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പീഡനത്തിനിരയായി

single-img
17 March 2017

 

തിരുവനന്തപുരം:കുണ്ടറയില്‍ പത്ത് വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി പുറത്ത്. കുട്ടി തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പീഡനത്തിനിരയായിരുന്നതായുമാണ് ഡോക്ടറുടെ മൊഴി. മൃതദേഹത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍ മൊഴി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഡോക്ടര്‍ കെ.വത്സലയാണ് മൊഴിനല്‍കിയത്.

കഴിഞ്ഞ ജനുവരി 15നാണു പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരുന്നു. വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. എന്നാല്‍ ഇത് വ്യാജമാണെന്ന സംശയം പോലീസിനുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അമ്മയും ഉറ്റ ബന്ധുക്കളുമടക്കം ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ അമ്മയടക്കമുള്ളവര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതും അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. ഇതിനിടെയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തിയത്.