സാമൂഹ്യ വിവേചനം, ദളിതുകളെ പുറന്തള്ളല്‍, അംബേദ്കര്‍ ആശയങ്ങള്‍ തുടങ്ങിയവ പഠിപ്പിക്കുന്നതിന് നല്‍കിയിരുന്ന ഫണ്ട് മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കി; ദള്തര്‍ക്കൊപ്പമാണെന്ന മോദിയുടെ പ്രഖ്യാപനം പൊയ്മുഖമെന്ന് പ്രതിപക്ഷം.

single-img
17 March 2017

ദില്ലി: സാമൂഹ്യ വിവേചനം, ദളിതുകളെ പുറന്തള്ളല്‍, അംബേദ്കര്‍ ആശയങ്ങള്‍ തുടങ്ങിയവ പഠിപ്പിക്കുന്നതിന് സര്‍വകലാശാല ഗവേഷണ കേന്ദ്രങ്ങളിലൂടെ നല്‍കി വന്ന ഫണ്ടുകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതിലൂടെ ദളിതരുടെ ഒപ്പമാണ് താന്‍ എന്ന പ്രഖ്യാപനം ഉയര്‍ത്തുന്ന പ്രധാനമന്ത്രിയുടെ പൊയ്മുഖം പുറത്തുവന്നിരിക്കയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

11ാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് ആരംഭിച്ച ഈ കേന്ദ്രങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിരുന്നത് യുജിസി വഴിയായിരുന്നു. ദളിതുകളുടെ ഉന്നമനത്തിനു മോഡി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സമയത്താണ് നിലവിലുള്ള പദ്ധതികള്‍ ഇല്ലാതാക്കുന്നത്. അംബേദ്കര്‍ ജന്മദിനം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളോടെ ആചരിക്കുന്നതിനും ദളിത് നേതാക്കളുടെ ഓര്‍മ്മക്കായി നാണയങ്ങള്‍ പുറത്തിറക്കുമെന്നും മോഡി പ്രഖ്യാപിച്ചിരുന്നു.
ഇത്തരം കേന്ദ്രങ്ങള്‍ അടച്ചൂ പൂട്ടുന്ന സര്‍ക്കാര്‍ തന്നെ വേദം പഠിപ്പിക്കുന്നതിന് ഫണ്ടുകള്‍ നല്‍കി കൊണ്ടിരിക്കുകയാണെന്നതാണ് ഇക്കാര്യത്തിലെ വൈരുദ്ധ്യമെന്ന് അംബേദ്കര്‍ പഠിതാവും രാഷ്ട്രമീമാംസ അദ്ധ്യാപകനുമായ എന്‍ സുകുമാര്‍ പറഞ്ഞു.സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍വകലാശാലകളിലുമായി 35 കേന്ദ്രങ്ങളാണുള്ളത്. ഈ കേന്ദ്രങ്ങള്‍ അടച്ചൂ പൂട്ടണമെന്ന് നിര്‍ദേശിച്ചത് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ്.