ഗോവയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി:രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഒരു എം.എല്‍.എ കൂടി പാര്‍ട്ടി വിട്ടു

single-img
17 March 2017

പനാജി: ഗോവയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. എംഎല്‍എ വിശ്വജിത്ത് റാണെക്ക് പിന്നാലെ രാജിപ്രഖ്യാപിച്ച് സാവിയോ റോഡ്രിഗസ്. രാഹുല്‍ ഗാന്ധിയുെ നേതാവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് റോഡ്രിഗസിന്റെ രാജിപ്രഖ്യാപനം. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതില്‍ ദേശീയ നേതൃത്വത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തിയാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നത്. 40 അംഗ നിയമസഭയില്‍ 17 എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എംഎല്‍എമാരാണ് രാജിവെച്ച് ഒഴിഞ്ഞത്.

കോണ്‍ഗ്രസിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ചാണ് പാര്‍ട്ടി വിട്ട് രണ്ട് എംഎല്‍എമാരും പുറത്തുവന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങിന്റെ പിടിപ്പുകേടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനങ്ങള്‍ അധികാരപത്രം നല്‍കിയിട്ടും പാര്‍ട്ടിക്ക് സാധിക്കാതെ വന്നതെന്നാണ് വിമര്‍ശനം. ഗോവ കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വത്തിനെതിരെ വന്‍ പൊട്ടിത്തെറിയാണ് ഉണ്ടാവുന്നത്.

വിശ്വാസവോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന കോൺഗ്രസ് എംഎല്‍എ വിശ്വജിത്ത് റാണ പാർട്ടിയിൽനിന്ന് ഇന്നലെ രാജിവച്ചിരുന്നു. എംഎല്‍എ സ്ഥാനവും ഇയാൾ രാജിവച്ചു. വിശ്വാസവോട്ടെടുപ്പിൽ 40 അംഗ നിയമസഭയിൽ 22 പേരുടെ പിന്തുണയാണു പരീക്കർ നേടിയത്. എന്നാൽ 17 പേരുടെ പിന്തുണയുള്ള കോൺഗ്രസിന് റാണ സഭയിൽനിന്നു പുറത്തുപോയതോടെ ലഭിച്ചത് 16 വോട്ടും. കോൺഗ്രസ് വിജയിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു പോലും പരിഗണിക്കപ്പെട്ടിരുന്നയാളാണ് റാണെ. അഞ്ചുതവണ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന പ്രതാപ് റാണെയുടെ മകനാണ് വിശ്വജിത് റാണെ.