ഗോവധത്തിനും അനുബന്ധകുറ്റകൃത്യങ്ങൾക്കും ജീവപര്യന്തം ശിക്ഷ നടപ്പാക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

single-img
16 March 2017

അഹമ്മദാബാദ്: ഗോവധത്തിനും അനുബന്ധപ്രവൃത്തികളായ ബീഫ് കടത്തൽ മുതലായവയ്ക്കും ജീവപര്യന്തം ശിക്ഷ ഏർപ്പെടുത്തുന്ന കാര്യം ഗുജറാത്ത് സർക്കാരിന്റെ പരിഗണനയിൽ. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പശുക്കളെ കശാപ്പ് ചെയ്യുന്നതിനും അനുബന്ധപ്രവൃത്തികൾക്കും ജീവപര്യന്തം ശിക്ഷ നൽകാനുള്ള ബിൽ ഒരാഴ്ച്ചക്കുള്ളിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്നാണു അദ്ദേഹം പ്രഖ്യാപിച്ചത്. നിലവിൽ മേൽപ്പറഞ്ഞ പ്രവൃത്തികൾ ഗുജറാത്തിൽ ശിക്ഷാർഹമാണെങ്കിലും പത്തുവർഷം തടവും അൻപതിനായിരം രൂപ പിഴയുമാണു ശിക്ഷ.

ഒരു പൊതുസമ്മേളനത്തിൽ വെച്ചാണു രൂപാനി ഈ പ്രഖ്യാപനം നടത്തിയത്. ബീഫ് കടത്തുന്നവരുടെ വാഹനങ്ങൾ സർക്കാർ പിടിച്ചെടുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും ഗോവധം ശിക്ഷാർഹമാണു.