കുണ്ടറയിലെ 10 വയസുകാരിയുടെ മരണം; അമ്മയടക്കം 9 പേര്‍ കസ്റ്റഡിയില്‍

single-img
16 March 2017

പ്രതീകാത്മക ചിത്രം

കൊല്ലം: കുണ്ടറയില്‍ 10 വയസുകാരി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അമ്മയടക്കം ഒമ്പതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ ഉറ്റബന്ധുക്കളാണ് കസ്റ്റഡിയിലെടുക്കപ്പെട്ടവരില്‍ ചിലര്‍. ഇവരെ പോലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കൊല്ലം റൂറല്‍ എസ്പി പറഞ്ഞു. പോലീസ് കുറച്ചുകൂടി ജാഗരൂകരായി അന്വേഷണം നടത്തേണ്ടതായിരുന്നു. ആദ്യം അസ്വഭാവിക മരണമായിട്ടായിരുന്നു രജിസ്റ്റര്‍ ചെയ്യടപ്പെട്ടത്. എന്നാല്‍ സംഭവത്തിലെ ദുരൂഹത വേണ്ടവിധത്തില്‍ അന്വേഷണവിധേയമാക്കിയില്ല. കേസ് അന്വേഷണം വേണ്ടവിധത്തില്‍ ഏകോപിപ്പിക്കുന്നതിലും വീഴ്ചവന്നിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം മെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ അച്ഛന്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായുള്ള ഒരു കേസ് ഉണ്ട്. ഇത് കെട്ടിച്ചമച്ചതാണോയെന്ന് സംശയിക്കുന്നു. ഇക്കാര്യം പോലീസ് വിശദമായി അന്വേഷിക്കും. അമ്മയും അച്ഛനും വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. അമ്മയുടെ കൂടെയായിരുന്നു കുട്ടി താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ കുട്ടിയുടെ അമ്മയ്ക്ക് കാര്യങ്ങള്‍ അറിയാം എന്നാണ് കരുതുന്നത്. കുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇത്‌ അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.

കഴിഞ്ഞ ജനുവരി 15-ന് ആണ് പെണ്‍കുട്ടിയെ വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നും ക്രൂരമായ ലൈംഗീക പീഡനത്തിനും ഇരയായതായി തെളിഞ്ഞിരുന്നു. മാത്രമല്ല മൃതദേഹത്തില്‍ 52 മുറിവുകളും കണ്ടെത്തിയിരുന്നു. പക്ഷെ രണ്ട് മാസം കഴിഞ്ഞിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാനോ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനോ തയ്യാറാവാതാരിന്നതാണ് വിവാദമായത്.

റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ 10 പേരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ സെല്ലിന്റെ സ്പെഷ്യല്‍ ടീമും രൂപീകരിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പലുള്ളത് കുട്ടിയുടെ കൈപ്പടയാണോ എന്ന് വിദഗ്ധന്‍ പരിശോധിക്കുമെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.