വർക്കല എംജിഎം മോഡൽ സ്കൂളിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി പൂര്‍വ്വ വിദ്യാർത്ഥി

single-img
16 March 2017

അര്‍ജുന്‍(16)

വര്‍ക്കല: കോപ്പിയടി പിടിച്ചതില്‍ മനം നൊന്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തുമായി പൂര്‍വ്വ വിദ്യാര്‍ഥി. വര്‍ക്കല അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന മരക്കടമുക്ക് സുകേശിനി ബംഗ്‌ളാവില്‍ പ്രദീപ് കുമാര്‍-ശാലി ദമ്പതിമാരുടെ മകന്‍ അര്‍ജുന്‍(16) ആണു മരിച്ചത്.

10നു നടന്ന പ്ലസ്‌വണ്‍ ഐടി പരീക്ഷയില്‍ കോപ്പിയടിച്ചെന്നു ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച അര്‍ജുനെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം സ്‌കൂളിലേക്കു വിളിപ്പിച്ചിരുന്നു. വൈകിട്ട് തിരികെ വീട്ടിലെത്തി മുറിയില്‍ കയറിയ അര്‍ജുനെ ഏറെ നേരം കഴിഞ്ഞും പുറത്തേയ്ക്കു കാണാതായതിനെ തുടര്‍ന്നു വാതില്‍ തുറന്നു നോക്കിയപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അര്‍ജുന്റെ മരണത്തിനുത്തരവാദിയെന്നാരോപിച്ച് എം.ജി.എം മോഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പൽ ബി.എസ് രാജീവിനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ അര്‍ജ്ജുന്റെ മരണത്തില്‍ ഇദ്ദഹം നിരപരാധിയാണെന്നും യഥാര്‍ത്ഥ കാരണക്കാര്‍ സ്‌കൂള്‍ മാനേജര്‍ സുകുമാരനും അദ്ദേഹത്തിന്റെ മകളുമായ പ്രിന്‍സിപ്പല്‍ എസ്.പൂജയുമാണെന്നാണ് എംജിഎം സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ഥിയായ നിഷാമിന്റെ ആരോപണം.

നിഷാമിന്റെ വാക്കുകളിലൂടെ…

“പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അര്‍ജ്ജുന്‍ സ്മാര്‍ട് വാച്ച് ഉപയോഗിച്ചിട്ടായിരുന്നു എല്ലാ പരീക്ഷകളും എഴുതിയിരുന്നത്. 10 നു നടന്ന ഐ.ടി പരീക്ഷയില്‍ അര്‍ജ്ജുന്‍ കോപ്പിയടിച്ചതായി ഇന്‍വിജിലേറ്റര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പൽ രാജീവ് കുട്ടിയുടെ വീട്ടുകാരെ വിളിപ്പിക്കുകയും സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ കുട്ടിയെ പരീക്ഷയില്‍ നിന്ന് ഡീ ബാര്‍ ചെയ്യുമെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് റീ ടെസ്റ്റ് നടത്താമെന്ന ധാരണയിലാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.

“എന്നാല്‍ തുടര്‍ന്ന് മാനേജര്‍ സുകുമാരന്റെ റൂമിലേക്ക് വിളിപ്പിച്ച അര്‍ജ്ജുനോട് അയാള്‍ വളരെ മോശമായി സംസാരിക്കുകകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് അര്‍ജ്ജുനെ മാനസികമായി തളര്‍ന്ന രീതിയില്‍ കണ്ടതെന്ന് സഹപാഠികള്‍ തന്നെ പറയുന്നു. ഏതൊരു സ്‌കൂളിലും ഇത്ര വലിയൊരു സംഭവം നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം സ്വാഭാവികമായും വന്നുചേരുന്നത് പ്രിന്‍സിപ്പലിനാണ്. പക്ഷെ ഇവിടെ സ്കൂൾ മാനേജരുടെ മകള്‍ തന്നെയാണ് പ്രിന്‍സിപ്പൽ എന്ന വസ്തുത നിലനിൽക്കെ വൈസ് പ്രിസിപ്പലിൽ ആരോപണം ചുമത്ത പെടുന്നത് ദുരൂഹത വർധിപ്പിക്കുന്നു.

വേണ്ടത്ര യോഗ്യത പോലും ഇല്ലാതെയാണ് അവരെ പ്രിന്‍സിപ്പലായി നിയമിച്ചത്. സംഭവത്തില്‍ നിന്നും മാനേജരെയും പ്രിന്‍സിപ്പലിനെയും രക്ഷിക്കാന്‍ വേണ്ടി അവര്‍ തന്നെ രാജീവ് സാറിനെ മനപ്പൂര്‍വ്വം അതില്‍ പ്രതി ചേര്‍ക്കുകയാണുണ്ടായത്. കോപ്പിയടിയുമായി ബന്ധപ്പെട്ട് ഏതൊരു അധ്യാപകനും സംസാരിക്കുന്നതുപോലെ തീര്‍ത്തും സ്വാഭാവികമായിട്ടായിരുന്നു അദ്ദേഹത്തിന്റെയും പ്രതികരണം,” അര്‍ജ്ജുന്റെ മരണത്തില്‍ വൈസ് പ്രിന്‍സിപ്പൽ രാജീവ്  തീര്‍ത്തും നിരപരാധിയാണെന്നും നിഷാം ഇ വാർത്തയോട് പറഞ്ഞു.

ഇതേ സ്കൂളിൽ പഠിച്ചിരുന്ന മറ്റൊരു വിദ്യാർത്ഥിയായിരുന്നു ശ്രീദർശ് പറയുന്നതിങ്ങനെ, “രാജീവ് സാറിനെതിരായുള്ള ഈ കള്ളപ്രചാരണം യഥാർത്ഥ പ്രതികളെ ഒഴുവാക്കാൻ വേണ്ടിയാണ്. എന്തുകൊണ്ടാണ് സ്കൂൾ പ്രിന്സിപ്പലിന് നടപടി ഇല്ലാത്തത്? എന്ത് കൊണ്ടാണ് പ്രിൻസിപാലിനും മാനേജ്മെന്റിനും എതിരെ ആരും ഒന്നും മിണ്ടാത്തത്? അതാണ് ട്രസ്റ്റ് സെക്രെട്ടറി സുകുമാരൻ സാറിന്റെ രാഷ്ട്രീയ മാധ്യമ സ്വാധീനം. പ്രിൻസിപ്പൽ പൂജ അദ്ദേഹത്തിന്റെ മകൾ ആണെന്നത് കൂട്ടിച്ചേർക്കേണ്ടതില്ലലോ”

അതേ സമയം അര്‍ജ്ജുന്റെ മരണവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥികൾ സംഘടിച്ചു പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അറിയുന്നു.

ഇതിനു മുന്നോടിയായി തങ്ങളുടെ രാജീവ് സാറിനു നീതി വേണമെന്നും നിരപരാധിയെ ക്രൂശിക്കാതിരിക്കുകയെന്നും പ്ലക്കാർഡുകളേന്തി അനേകം വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ഇന്ന് സ്‌കൂൾ പരിസരത്ത്‌ പ്രധിഷേധ പ്രകടനം നടത്തിയിരുന്നു.