കെപിസിസി അധ്യക്ഷനെ ചൊല്ലി എ-ഐ കലഹം;എം.എം. ഹസ്സനെ അധ്യക്ഷനാക്കണമെന്ന് എ ഗ്രൂപ്പ്; ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന് ഐ ഗ്രൂപ്പ്

single-img
15 March 2017

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം. വിഎം സുധീരന്‍ രാജിവെച്ച് ഒഴിഞ്ഞതോടെ എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇതോടെ ഗ്രൂപ്പ് ചര്‍ച്ചയില്‍ തര്‍ക്കമായി. സംസ്ഥാന നേതൃത്വത്തില്‍ യോജിച്ചൊരു തീരുമാനമെന്ന സാധ്യത മങ്ങി. കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ഹസന് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വരെ ഹസന് താല്‍ക്കാലിക ചുമതല നല്‍കണമെന്നാണ് എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യം. എന്നാല്‍ എ ഗ്രൂപ്പിന്റെ നിര്‍ദേശത്തോട് ഐ ഗ്രൂപ്പ് യോജിച്ചില്ല. അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യം ഹൈക്കമാന്‍ഡിന് വിടാമെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്.

ഉപതെരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിക്കാനുള്ള ആലോചനയും എ ഗ്രൂപ്പില്‍ സജീവമാണ്. കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ തീരുമാനമാകാതെ തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഇനി കേന്ദ്രനേതൃത്വം വിഷയത്തില്‍ തീരുമാനമെടുക്കും.