വിവാദങ്ങളൊഴിയാതെ മോദിയുടെ ബിരുദം മോഡി പാസ്സായെന്നു പറയുന്ന കാലത്തെ ഒരു വിദ്യാര്‍ത്ഥികളുടേയും രേഖ തങ്ങളുടെ പക്കലില്ലെന്ന് ഡല്‍ഹി സര്‍വകലാശാല

single-img
15 March 2017

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബിരുദത്തെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മോഡി പാസ്സായെന്നു പറയുന്ന കാലത്തെ ഒരു വിദ്യാര്‍ത്ഥികളുടേയും രേഖ കയ്യിലില്ലെന്ന് ഡല്‍ഹി സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വ്യക്തമാക്കി.1978ല്‍ ബിരുദം നേടിയെന്നാണ് മോഡി അവകാശപെട്ടിരുന്നത്.

പ്രമുഖ ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസിന്റെ കറസ്പോണ്ടന്റ് നല്‍കിയ വിവരാവകാശ അപേക്ഷയിലായിരുന്നു് സര്‍വകലാശാലയുടെ മറുപടി. താങ്കള്‍ ആവശ്യപ്പെടുന്ന കാലത്തെ വിവരം ഇവിടെയില്ല എന്നാണ് സര്‍വകലാശാല അറിയിച്ചത്. മോഡി പഠിച്ചിരുന്ന കാലത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം, പേര്, റോള്‍ നമ്പര്‍, മാതാപിതാക്കളുടെ പേര് എന്നിവയും ചോദിച്ചിരുന്നു.

ഒരു വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഈ വിവരങ്ങള്‍ സര്‍വകലാശാലയില്‍ സൂക്ഷിക്കാറില്ലെന്നും അതിനാലാണ് മോഡിയുടെ ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലാതാത്തതെന്നും സര്‍വകലാശാല അറിയിച്ചു.

നേരത്തെ വിവരാവകാശ നിയമം വഴി മോഡിയുടെ ബിരുദത്തെ കുറിച്ച് ചോദിച്ചയാള്‍ക്ക് മറുപടി നല്‍കാത്തതിനാല്‍ വിവരാവകാശ കമ്മീഷണറായിരുന്ന ശ്രീധര്‍ ആചാര്യലു 25000 രൂപ പിഴ വിധിച്ചിരുന്നു. ഇതിനു പിന്നാലെ ശ്രീധര്‍ ആചാര്യലുവിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.