മാണിക്ക് രണ്ട് ‘ഭാര്യ’മാരെന്ന് പി സി ജോര്‍ജ്ജ്; ജോർജ് തനിക്ക് സഹോദരനെ പോലെയാണെന്ന് കെ.എം.മാണി

single-img
15 March 2017

തിരുവനന്തപുരം: നിയമസഭാ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട വേളയിൽ തനിക്ക് ആശംസ നേർന്ന എല്ലാവർക്കും കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണി നന്ദി രേഖപ്പെടുത്തി. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് എല്ലാവരോടുമുള്ള സ്നേഹം മാണി അറിയിച്ചത്. തന്നെ അരനൂറ്റാണ്ട് കാലം പാലായുടെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തത് വോട്ടർമാരാണ്. അവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ല. തനിക്ക് ആരോടും വിരോധമില്ല. തന്നെ വിമർശിക്കുന്നവരോടും വിരോധമില്ല. അങ്ങനെ വിരോധം വച്ചു നടക്കുന്നയാളല്ല താൻ. പി.സി.ജോർജിനോട് തനിക്ക് ഒരു വിരോധവുമില്ലെന്നും ജോർജ് തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അഭിനന്ദിച്ച് സംസാരിച്ചവരെ കണ്ടപ്പോഴാണ് മനസിലായത് നമ്മൾ ശത്രുക്കളായ കാണുന്നവർ പോലും നമ്മുടെ മിത്രങ്ങളാണ് എന്നും മാണി പറഞ്ഞു.

കെ എം മാണിക്ക് രണ്ട് ഭാര്യമാരാണെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. അതില്‍ ഒരാള്‍ കുട്ടിയമ്മയും രണ്ടാമത്തേത് പാലായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മാണി തന്നെ പറയാറുള്ള കാര്യമാണെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി.

കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാഷ്ട്രീയ നേതാക്കള്‍ മാണിക്ക് ആദരം അര്‍പ്പിച്ചു. ഏറ്റവുമധികം കാലം ധനമന്ത്രിയായിരുന്ന മാണി സഭയില്‍ സ്വന്തമായി തത്വശാസ്ത്രമുണ്ടാക്കിയ വ്യക്തിയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് ഏറ്റവുമധികം സഹായം ലഭിച്ചത് മാണിയില്‍ നിന്നാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.