നെഹ്‌റു കോളജിലെ ഇടിമുറിയില്‍ കണ്ട രക്തക്കറ ജിഷ്ണുവിന്റെ അതേ രക്തഗ്രൂപ്പില്‍പ്പെട്ടത്; മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തും

single-img
14 March 2017

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധനയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പാമ്പാടി നെഹ്‌റു കോളെജിലെ ഇടിമുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറ ജിഷ്ണുവിന്റെ അതെ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടതാണെന്ന് വ്യക്തമായി. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ നടത്തിയ പരിശോധനയിലാണ് കോളെജില്‍ നിന്നും കണ്ടെടുത്ത രക്തക്കറ ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പില്‍ പെടുന്നതാണെന്ന് സ്ഥിരീകരിച്ചത്.

ജിഷ്ണു പ്രണോയിയുടെ ബ്ലഡ് ഗ്രൂപ്പും ഒ പോസിറ്റീവായിരുന്നു. കോളെജിലെ രക്തക്കറ ജിഷ്ണുവിന്റെതാണോ എന്ന് സ്ഥിരീകരിക്കാനായി ഇനി കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ശാസ്ത്രീയ തെളിവുകള്‍ക്കായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ എടുത്ത് ഡിഎന്‍എ പരിശോധന നടത്തും.

കോളേജില്‍ ജിഷ്ണിവിന് മര്‍ദ്ദനമേറ്റെന്ന് പറയുന്ന മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒപോസിറ്റീവാണെന്ന് കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടത്തിയത്.

ജിഷ്ണു മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടു എന്ന ബന്ധുക്കളുടെ ആരോപണത്തിന് ശക്തിപകരുന്നതാണ് ഫോറന്‍സിക് പരിശോധനഫലങ്ങള്‍. രക്തക്കറ ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിച്ചാല്‍ അത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജിഷ്ണു മരിച്ച ദിവത്തേയും തൊട്ടടുത്ത ദിവസത്തേയും കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായിരുന്നു. ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി ഹാര്‍ഡ് ഡിസ്‌കും പൊലീസ് ഫോറന്‍സിക് പരിശോധനക്കായി അയച്ചിരുന്നു.