കൊട്ടിയൂര്‍ പീഡനക്കേസില്‍ നാല് പ്രതികളോടും കീഴടങ്ങാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

single-img
14 March 2017

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ നാല് പ്രതികളോടും കീഴടങ്ങാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കോടതിയില്‍ കീഴടങ്ങി അന്ന് തന്നെ ജാമ്യം തേടാനാണ് കോടതി പ്രതികളോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റാരോപണങ്ങള്‍ നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വയനാട് ശിശുക്ഷേമ സമിതി അധ്യക്ഷനായിരുന്ന ഫാദര്‍ തേരകം, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നിവരോടാണ് അഞ്ച് ദിവസത്തിനകം കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

കൊട്ടിയൂര്‍ പളളിവികാരിയായ റോബിന്‍ വടക്കുംചേരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് വികാരി അറസ്റ്റ്‌ചെയ്തിരുന്നു. ചൈല്‍ഡ് ലൈനിന് ലഭിച്ച അജ്ഞാത ഫോണ്‍കോളില്‍ നിന്നാണ് വിവരം പുറത്തുവരുന്നത്.

ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി മൊഴിയെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് പള്ളിവികാരിയുടെ പേര് പെണ്‍കുട്ടി പുറത്ത് പറയുന്നത്. ഒളിവില്‍ കഴിയുകയായിരുന്ന പള്ളിവികാരി റോബിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.