മിഷേലിന്റെ മരണം: മകള്‍ ആത്മഹത്യ ചെയ്യില്ല പോലീസ് അറസ്റ്റുചെയ്ത ക്രോണ്‍ ബന്ധുവല്ലെന്നും പിതാവ്

single-img
14 March 2017

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത പിറവം സ്വദേശി ക്രോണിനെ തങ്ങള്‍ക്ക് അറിയില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി. അങ്ങനെയൊരു ബന്ധു തങ്ങള്‍ക്കില്ലെന്നും മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും ഷാജി പറയുന്നു. ക്രോണ്‍ ബന്ധുവാണന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. ഇവരുടെ കുടുംബവുമായി പരിചയം കുറവായിരുന്നുവെന്നും മിഷേലിന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ക്രോണിന്റെ കുടുംബവുമായി ബന്ധമുണ്ടെന്നു മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട അറിവേയുള്ളുവെന്നും മിഷേലിന്റെ പിതാവ് പറഞ്ഞു.

എന്നാല്‍ കസ്റ്റഡിയിലെടുത്ത് ക്രോണിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു എന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയെ ക്രോണ്‍ മാനസികമായി പീഡിപ്പിച്ചതായും ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ മിഷേല്‍ പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായും ചെന്നൈയിലുള്ള സുഹൃത്ത് ഓണ്‍ലൈന്‍ വഴി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലേക്ക് പോകുന്നത് പ്രതി എതിര്‍ത്തു. മിഷേലിനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നിരന്തരം ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായും മൊഴിയില്‍ പറയുന്നു. പ്രതിയില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണും സിം കാര്‍ഡുകളും കോടതി മുഖേന ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രതി നിരന്തരം അയച്ച മെസേജുകള്‍ വീണ്ടെടുക്കാനാണ് ഫോറന്‍സിക് പരിശോധന നടത്തുന്നത്.

മിഷേല്‍ ഷാജിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീ പാലത്തിന് സമീപം കണ്ടതായി പിറവം സ്വദേശി അമലിന്റെ സാക്ഷി മൊഴി

അതേസമയം മിഷേല്‍ ഷാജിയോട് സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തിന് സമീപം കണ്ടതായി പിറവം സ്വദേശിയായ അമൽ പോലീസിൽ മൊഴി കൊടുത്തു.

വല്ലാര്‍പാടം പള്ളി കഴിഞ്ഞ ബോള്‍ഗാട്ടിയിലേക്ക് പോകുന്ന ഭാഗത്തുവച്ചു അതുവഴി ബൈക്കില്‍ വന്നപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടതെന്നും സംസാരിക്കാനായി പാലത്തിനടുത്ത് വണ്ടി നിര്‍ത്തി തിരിഞ്ഞുനോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെന്നും അമല്‍ പറഞ്ഞു. രണ്ടുദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി കായലില്‍ മുങ്ങിമരിച്ചതായുള്ള പത്രവാര്‍ത്ത കണ്ടത്. എന്നാല്‍ മിഷേലിനെ തന്നെയാണ് കണ്ടതെന്ന് ഉറപ്പില്ലെന്നും സംഭവത്തെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയ അമല്‍ പറഞ്ഞു.