സിഎ വിദ്യാർഥിനി മിഷേല്‍ ഷാജിയുടെ മരണം:പൊലീസിന് വീഴ്ചപറ്റിയോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി;അന്വേഷണം ക്രൈംബ്രാഞ്ചിന്

single-img
13 March 2017

തിരുവനന്തപുരം: കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാർഥിനി മിഷേൽ ഷാജി വർഗീസിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടന്നു വരികയായിരുന്നു. പെൺ‌കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പോലീസ് സ്വീകരിക്കാതിരുന്നത് ക്രൈം ബ്രാഞ്ച് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

മിഷേലിനെ കാണാനില്ലന്ന പരാതി പോലീസ് സ്വീകരിച്ചില്ലന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ അനൂപ് ജേക്കബ് എംഎഎല്‍എ ആരോപിച്ചു.മിഷേലിന്റെത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ അടുത്തകാലത്തായി പിന്തുടര്‍ന്നിരുന്ന തലശേരി സ്വദേശിയെയും, പരിചയക്കാരനായ ഒരാളെയുമാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ചെന്നൈയില്‍ വിദ്യാര്‍ത്ഥിയായ ഇയാളെ വിളിച്ച വരുത്തിയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.പെണ്‍കുട്ടിയോടു പ്രണയാഭ്യർഥന നടത്തി ശല്യം ചെയ്തിരുന്ന ക്രോണിനെയാണ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നത്.

മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്ന നിലപാടിലാണ് ബന്ധുക്കള്‍. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതിതള്ളാന്‍ പോലീസ് ധൃതി കാണിക്കുകയാണെന്ന് വീട്ടുകാര്‍ ആരോപിച്ചു.