പണവും അധികാരവും ജയിച്ചു; ജനങ്ങളുടെ തീരുമാനത്തെ ബിജെപിയും ഗവര്‍ണറും ചേര്‍ന്ന് അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്.

single-img
13 March 2017

പനാജി: സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച തങ്ങളെ മറികടന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്. ജനങ്ങളുടെ തീരുമാനത്തെ ബിജെപിയും ഗവര്‍ണറും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഗോവയില്‍ ജനങ്ങളുടെ ശക്തിക്കുമേല്‍ പണവും അധികാരവും ജയിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തതില്‍ ഗോവയിലെ ജനങ്ങളോട് മാപ്പുചോദിക്കുന്നു. ഗോവയില്‍ വര്‍ഗീയതയ്ക്കും ‘പണാധിപത്യ രാഷ്ട്രീയ’ത്തിനുമെതിരായ പോരാട്ടം തുടരുമെന്നും ദ്വിഗ്‌വിജയ് സിങ് പ്രഖ്യാപിച്ചു. ഗോവയിലും മണിപ്പൂരിലും തിരഞ്ഞെടുപ്പു ഫലത്തെ ബിജെപി അട്ടിമറിച്ചുവെന്ന് മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ആരോപിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ഒരു പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമില്ലെന്നും ചിദംബരം പറഞ്ഞു. 17 സീറ്റുകള്‍ നേടി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് 13 സീറ്റ് മാത്രം നേടിയ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നത്. കോണ്‍ഗ്രസിനാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആദ്യം അവസരം നല്‍കേണ്ടതെന്നും പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടു.
ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷം 15 ദിവസത്തിനകം തെളിയിക്കണമെന്ന് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ പരീക്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 21 സീറ്റാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം. 40 അംഗങ്ങളുള്ള ഗോവ നിയമസഭയിലേക്ക് 13 സീറ്റാണ് ബിജെപി നേടിയത്.