ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും;തെരഞ്ഞെടുപ്പില്‍ പിന്തള്ളപ്പെട്ടിട്ടും മറ്റ് ചെറുപാര്‍ട്ടികളെ സ്വാധീനിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തത്

single-img
13 March 2017


പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ വൈകരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. 10 മന്ത്രിമാരും പരീക്കറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. നിലവില്‍ കേന്ദ്ര പ്രതിരോധമന്ത്രിയായ പരീക്കര്‍, കേന്ദ്രമന്ത്രിസ്ഥാനം എപ്പോള്‍ രാജിവയ്ക്കുമെന്ന് വ്യക്തമല്ല.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷം 15 ദിവസത്തിനകം തെളിയിക്കണമെന്ന് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ പരീക്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്്. 21 സീറ്റാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം. 40 അംഗങ്ങളുള്ള ഗോവ നിയമസഭയിലേക്ക് 13 സീറ്റാണ് ബിജെപി നേടിയത്. 17 സീറ്റ് നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

പരീക്കറാണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് മൂന്നുവീതം എം.എല്‍.എമാരുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയും (എം.ജി.പി), ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും (ജി.എഫ്.പി) വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് പുറമെ എന്‍.സി.പിയുടെ ചര്‍ച്ചില്‍ അലെമാവൊയും രണ്ടു സ്വതന്ത്രന്മാരുമാണ് പിന്തുണ നല്‍കുന്നത്. ഞായറാഴ്ച ഉച്ചയോടെ ചേര്‍ന്ന ബിജെപി നിയമസഭ കക്ഷി യോഗത്തില്‍ പരീക്കറെ നിയമസഭ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി എം.എല്‍.എമാര്‍ പ്രമേയം പാസാക്കിയിരിന്നു.
ഞായറാഴ്ച വൈകീട്ട് 7.45ഓടെ പിന്തുണക്കുന്ന എംഎല്‍എമാര്‍ക്കും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും ഒപ്പമാണ് പരീക്കര്‍ ഗവര്‍ണറെ കണ്ടത്. വോട്ട് ശതമാനത്തില്‍ മുന്നിലാണെന്നത് ചൂണ്ടിക്കാട്ടി ഞായറാഴ്ച രാവിലെതന്നെ സര്‍ക്കാറുണ്ടാക്കുമെന്നും ആവശ്യമായ പിന്തുണയുണ്ടെന്നും പരീക്കര്‍ അവകാശപ്പെട്ടിരുന്നു. സഖ്യകക്ഷികള്‍ക്കെല്ലാമായി കേവല ഭൂരിപക്ഷമായ 21 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു തങ്ങള്‍ ഗവര്‍ണറെ കണ്ടു. ഔദ്യോഗിക ക്ഷണം ലഭിച്ചതിനുശേഷം സത്യപ്രതിജ്ഞയുടെ തീയതി നിശ്ചയിക്കും. തന്നില്‍ വിശ്വാസം പ്രകടിപ്പിച്ച ബിജെപി നേതൃത്വത്തോടും എംഎല്‍എമാരോടുമുള്ള നന്ദി അറിയിക്കുന്നുവെന്നും പരീക്കര്‍ പറഞ്ഞിരുന്നു.

ഗോവയില്‍ മുഖ്യമന്ത്രയായിരിക്കെയാണ് 2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായത്. തുടര്‍ന്ന് ലക്ഷ്മീകാന്ത് പര്‍സേക്കര്‍ മുഖ്യമന്ത്രിയായി. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പര്‍സേക്കറിന് കാലിടറുകയായിരുന്നു.