ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്

single-img
11 March 2017

ലക്‌നൗ: ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗം. ആകെ 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 300ല്‍ അധികം സീറ്റുകളില്‍ ബിജെപി മുന്നിലാണ്. എസ് പി കോണ്‍ഗ്രസ് സഖ്യത്തെ നിലംപരിശാക്കിയാണ് ബിജെപിയുടെ കുതിപ്പ് . മായാവതിക്കും കനത്ത തിരിച്ചടിയാണ്. എസ്പി കോണ്‍ഗ്രസ് സഖ്യം 69 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. ബിഎസ്പി 19 സീറ്റുകളിലും മറ്റുള്ളവര്‍ എട്ട് സീറ്റുകളിലും മുന്നില്‍ നില്‍ക്കുന്നു.

സംസ്ഥാനത്ത് ബിജെപി തന്നെ മുന്നിലെത്തുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളിലെയും പ്രവചനം. പാര്‍ട്ടിക്കു വ്യക്തമായ ഭൂരിപക്ഷം കിട്ടുമോ എന്നതില്‍ സര്‍വേഫലങ്ങള്‍ വ്യത്യസ്തവുമായിരുന്നു. എന്നാല്‍, ഒറ്റയ്ക്ക് അധികാരം പിടിക്കുന്ന കാഴ്ചയ്ക്കാണ് യുപി സാക്ഷ്യം വഹിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയിലുണ്ടായ ആഭ്യന്തര കലാപം ബിജെപിയുടെ വിജയക്കുതിപ്പിനു കൂടുതല്‍ സഹായകമായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസുമായി അഖിലേഷ് യാദവ് ഉണ്ടാക്കിയ സഖ്യം ഒരുതരത്തിലും എസ്പിക്ക് ഗുണകരമായില്ല.

2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 51 സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയിരുന്നത്. 2012ല്‍ സീറ്റ് വീണ്ടും കുറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുടെ കുതിപ്പു കണ്ട തെരഞ്ഞെടുപ്പില്‍ ബിജെപി 47 സീറ്റിലൊതുങ്ങി. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തരംഗത്തില്‍ ബിജെപി തിരിച്ചുവരികയായിരുന്നു. അതേതരംഗം ഇപ്പോഴും സംസ്ഥാനത്ത് നിലനില്‍ക്കുവെന്നാണ് വോട്ടെണ്ണല്‍ ഫലം സൂചിപ്പിക്കുന്നത്.