ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാന നഗരിയിൽ ഇത്തവണയും ഭക്തലക്ഷങ്ങൾ

single-img
11 March 2017

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാല്‍ തലസ്ഥാന നഗരി സജ്ജം. ഒരു വര്‍ഷത്തെ പ്രാര്‍ഥന നിര്‍ഭരമായ കാത്തിരിപ്പാണ് നിവേദ്യമര്‍പ്പിക്കുന്നതിലൂടെ സമ്പൂര്‍ണമാകാന്‍ പോകുന്നത്. ആഗ്രഹ സാഫല്യത്തിനായി ലക്ഷകണക്കിന് ഭക്തരാണ് ഇത്തവണയും പൊങ്കാല അര്‍പ്പിക്കാനെത്തിയിരിക്കുന്നത്.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഓരോ തവണയും ലക്ഷകണക്കിന് ഭക്തകളാണ് പൊങ്കാല അര്‍പ്പിക്കുവാനെത്തുന്നത്. ചലചിത്ര മേഖലയില്‍ നിന്നടക്കം നിരവധി പേര്‍ ഓരോ വര്‍ഷവും ദേവിയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നതിനായി എത്തുന്നു. പൊങ്കാല ഇട്ടു കഴിഞ്ഞാല്‍ ആപത്തുകള്‍ ഒഴിയുകയും ആഗ്രഹസാഫല്യം ഉണ്ടാവുകയും ചെയ്യുമെന്നാണ് ലക്ഷക്കണക്കിന് ഭക്തര്‍ വിശ്വസിക്കുന്നത്.

ഏഷ്യയില്‍ ഏറ്റവും അധികം സ്ത്രീകള്‍ ഒത്തുചേരുന്ന ഉത്സവമാണ് പൊങ്കാല. അടുപ്പില്‍ തീ പകരുക എന്നതാണ് അടുപ്പുകൂട്ടുന്ന ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏകദേശം ഒരു മണിക്കൂറിനകം പായസം അഥവാ പൊങ്കാല തയ്യാറാകും. ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.

തിരക്ക് നിയന്ത്രിക്കാന്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി.

പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. 200 പിങ്ക് വളന്റിയര്‍മാരെ നിയോഗിച്ചു കഴിഞ്ഞു. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്കിനൊപ്പം പുകയിലയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കും. തിരക്ക് കണക്കിലെടുത്ത് ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്