മണിപ്പൂരില്‍ ഇറോം ശര്‍മ്മിളയ്ക്ക് തോല്‍വി; ലഭിച്ചത് ആകെ നൂറിൽ താഴെ വോട്ടുകൾ

single-img
11 March 2017

ഇംഫാല്‍: മണിപ്പൂരില്‍ തൗബളില്‍ നിന്ന് മത്സരിച്ച മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയ്ക്ക് കനത്ത പരാജയം. മുഖ്യമന്ത്രിക്കെതിരെയാണ് ഇറോം മത്സരിച്ചത്. ഇറോം ശര്‍മ്മിള രൂപീകരിച്ച പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റീസ് അലയന്‍സ് (പിആര്‍ജെഎ/പ്രജ) പാര്‍ട്ടി സ്ഥാനാര്‍ഥി ആയാണ് ഇറോം എത്തിയത്.

ഒക്രാം ഇബോബിയ്ക്ക് എതിരെ വെറും നൂറിൽ താഴെ വോട്ടുകളാണ് ശര്‍മിളയ്ക്ക് നേടാനായത്. മൂന്നുതവണ മുഖ്യമന്ത്രിയായ ഇബോബി പതിനയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്.

പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം മണിപ്പൂരില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷമായി നിരാഹാരത്തിലായിരുന്നു ഇറോം ശര്‍മിള. മൂക്കിലൂടെ ട്യൂബിട്ട് ദ്രവരൂപത്തിലുള്ള ആഹാരം നല്‍കിയാണ് ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ശര്‍മിള നിരാഹാരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. നിയമം മാറ്റണമെങ്കില്‍ രാഷ്ട്രീയം മാത്രമേ വഴിയുള്ളൂ എന്ന് പ്രഖ്യപാിച്ചാണ് അവര്‍ പ്രജ പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍, നിരാഹാരം അവസാനിപ്പിച്ച ശര്‍മിളയ്ക്ക് എതിരെ മണിപ്പൂരില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം തന്നെ ബാധിക്കില്ലെന്ന് ഇന്ന് രാവിലെ ശര്‍മിള പറഞ്ഞിരുന്നു. ഫലം ജനങ്ങളുടെ മനോഭാവം അനുസരിച്ചിരിക്കും. അതിനിയും മാറാന്‍ സാധ്യതയുണ്ട്. പാര്‍ട്ടികള്‍ മണി പവറും മസില്‍ പവറും ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. തോറ്റാല്‍ വീണ്ടും മത്സരക്കും -അവര്‍ വ്യക്തമാക്കി.

തൗബാലിനെ കൂടാതെ ഖുറായ് മണ്ഡലത്തിലും ഇറോം ശര്‍മിള മത്സരിക്കുന്നുണ്ട്.