വി.എം സുധീരൻ കെ.പി.സി.സി പ്രസിഡന്റ് പദവി രാജിവെച്ചു

single-img
10 March 2017

 


വി.എം സുധീരൻ കെ.പി.സി.സി പ്രസിഡന്റ് പദവി രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാണ് രാജിയെന്നും എല്ലാനേതാക്കളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജിക്കത്ത് ഇന്നുതന്നെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയയ്ക്കുമെന്ന് സുധീരൻ വ്യക്തമാക്കി.

പാർട്ടിയെ അതിന്റെ സുവർണകാലത്തേക്കു നയിക്കാനാണ് ഈ പദവിയിലിരുന്ന് ശ്രമിച്ചിട്ടുള്ളത്. അതിൽ ഒരു പരിധിവരെ വിജയിക്കാനായെന്നാണ് വിശ്വാസമെന്നും സുധീരൻ പറഞ്ഞു.അടുത്തിടെ കോഴിക്കോട്ട് ഒരു പരിപാടിയിൽ പങ്കെടുക്കവെ വേദിയിൽ തെന്നിവീണ സുധീരന് പരുക്കേറ്റിരുന്നു.

 

 

തീർത്തും അപ്രതീക്ഷിതമായാണ് അദ്ദേഹം തലസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് രാജിയറിയിച്ചത്. തന്‍റെ രാജിക്ക് രാഷ്ട്രീയകാരണങ്ങൾ ഒന്നും തന്നെയില്ലെന്നും സ്ഥാനത്തോട് നീതിപുലർത്താൻ കഴിയുന്നില്ലെങ്കിൽ ഒഴിയുക എന്നതാണ് തന്‍റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.രാജിക്കാര്യം താൻ ആരുമായും ആലോചിച്ചിട്ടില്ല. ആലോചിച്ചാൽ ഒരുപാട് തടസങ്ങളുണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് ഇതിനുള്ള സ്വാതന്ത്ര്യം താൻ സ്വീകരിക്കുകയായിരുന്നു എന്ന് സുധീരൻ പറഞ്ഞു.