പീഡനക്കേസുകളില്‍ പ്രതികളോടൊപ്പം ചേര്‍ന്ന് പോലീസ് ഒത്തുകളിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍.

single-img
10 March 2017

വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ്. പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പൊലീസ് ഇവിടെ ശ്രമിച്ചതെന്ന് വിഎസ് കുറ്റപ്പെടുത്തി. വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിന്റെ അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചു. പ്രതികളെ രക്ഷിക്കാന്‍ സഹായകമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. പെണ്‍കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

വാളയാറില്‍ മാത്രമല്ല കേരളത്തില്‍ ഉടനീളം സംഭവിക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികളോടൊപ്പം ചേര്‍ന്ന് പോലീസുകാര്‍ നേട്ടമുണ്ടാക്കുകയാണെന്ന ആരോപണവും വി.എസ് ഉന്നയിച്ചു.

വിഎസിന് പിന്നാലെ വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദർശിക്കുന്നുണ്ട്. വൈകിട്ടാണ് അദ്ദേഹത്തിന്റെ സന്ദര്‍ശം. പ്രതികളെ രക്ഷിക്കാന്‍ സിപിഐഎം ഇടപെടല്‍ നടന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ബന്ധു ഉള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.