ചരിത്രത്തില്‍ ആദ്യമായി ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട്;താൻ ദളിതനായതുകൊണ്ടാണു സുപ്രീം കോടതി നടപടി എന്ന് ജസ്റ്റിസ് കര്‍ണൻ

single-img
10 March 2017

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാലാണ് നടപടി. അറസ്റ്റ് നടപടിള്‍ തുടങ്ങുന്നതിന് കൊല്‍ക്കത്ത പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഏഴംഗ ബഞ്ചിന്റേതാണ് നിര്‍ദേശം.മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

കേസില്‍ കോടതിയില് നേരിട്ട് ഹാജറാവാന്‍ പലവട്ടം ആവശ്യപ്പെട്ടങ്കിലും അത് അവഗണിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. എന്നാല്‍, താന്‍ പട്ടിക ജാതിയിലുള്‍പ്പെട്ട ആളായതു കൊണ്ടാണ് സുപ്രീം കോടതി നടപടി എന്നാണ് ജസ്റ്റിസ് കര്‍ണന്റെ വിമര്‍ശനം.