ദേശീയ അവാര്‍ഡില്‍ മോഹന്‍ലാലിന് പുരസ്‌കാര പ്രതീക്ഷയായ ഒപ്പം മത്സരത്തിന് ഉണ്ടാകില്ല;പ്രിയദര്‍ശന്‍ ജൂറി ചെയര്‍മാന്‍ ആയതിനെ തുടര്‍ന്ന് എന്‍ട്രി പിന്‍വലിച്ചു

single-img
9 March 2017

64-ാമത് ദേശീയ അവാര്‍ഡില്‍ മത്സരിക്കാന്‍ മോഹന്‍ലാല്‍ ചിത്രം ഒപ്പം ഉണ്ടാകില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയസമിതി അധ്യക്ഷനായി പ്രിയദര്‍ശന്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. പ്രിയദര്‍ശന്‍ ജൂറി ചെയര്‍മാനായതിന് തുടര്‍ന്ന് സിനിമ എല്ലാ വിഭാഗത്തില്‍ നിന്നും പിന്‍വലിച്ചു.
രാജ്യത്തെ വിവിധ ഭാഷാ സിനിമകളെ പരിഗണിക്കുന്ന നാല് റീജനല്‍ ജൂറി തെരഞ്ഞെടുത്ത എന്‍ട്രികളില്‍ നിന്നാണ് പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള ജൂറി പുരസ്‌കാര നിര്‍ണയം നടത്തുന്നത്. ഈ മാസം 16 മുതലാണ് പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള ജൂറി സിനിമകള്‍ കാണുക.
വലിയ ഉത്തരവാദിത്തമാണ് മുന്നിലെത്തിയിരിക്കുന്നതെന്നും തനിക്കാവുന്നതിന്റെ പരമാവധി ശ്രമിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
മലയാളവും ഹിന്ദിയും തമിഴുമുള്‍പ്പെടെ തൊണ്ണൂറിലേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2007ല്‍ തമിഴില്‍ സംവിധാനം ചെയ്ത കാഞ്ചീവരത്തിന് പ്രിയദര്‍ശന് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മലയാളത്തില്‍ 1996ല്‍ ഒരുക്കിയ കാലാപാനിക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്്.
നിലവില്‍ നാല് പ്രാദേശിക ജൂറി ടീമും സിനിമകള്‍ കണ്ട് പൂര്‍ത്തിയാക്കിയിരിക്കുയാണ്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തമിഴിന് പ്രാമുഖ്യം ലഭിക്കുമെന്നാണ് സൂചന. മലയാളത്തില്‍ നിന്നും പ്രധാന സിനിമകള്‍ ദേശീയ ജൂറിക്ക് മുന്നിലെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മനമന്ദ എന്നിവ പുരസ്‌കാരത്തിനായി അയച്ചിട്ടുണ്ട്.