മറൈൻഡ്രൈവിലെ സദാചാര ഗുണ്ടായിസം:ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണോയെന്ന് മുഖ്യമന്ത്രി; സഭയില്‍ നാടകീയ രംഗങ്ങള്‍

single-img
9 March 2017

തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ക്ക് സഭ നിയന്ത്രിക്കാനായില്ല. ഇതേതുടര്‍ന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

പ്രതിപക്ഷം ശിവസേനക്കാരെ വാടകയ്ക്കെടുത്തെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടർന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. എന്നാൽ ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷത്തിനെതിരേ നടുത്തളത്തിലേക്ക് ഇറങ്ങിയത് കൈയ്യാങ്കളിയിലേക്കു നീങ്ങി. ഇരുപക്ഷത്തേയും മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. സംഭവത്തെ തുടർന്ന് സഭ നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചു.

കൊച്ചിയിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി തുറന്നുസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരത്തണലില്‍ ഇരുന്ന സ്ത്രീകളേയും പുരുഷന്‍മാരേയും ശിവസേനക്കാര്‍ അടിച്ചോടിച്ചു. പൊലീസ് ശിവസേനക്കാരെ തടഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനയ്ക്ക് നല്‍കില്ല. സാദാചാര ഗുണ്ടകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കാപ്പ പ്രയോഗിക്കാനും തയ്യാറാണ്. സദാചാര ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരേയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തേ, സദാചാര ഗുണ്ടായിസം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് ഹൈബി ഈഡനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്.